ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ക്രിക്കറ്ററും കമന്റേറ്ററുമായ റോബിന്‍ ജാക്ക്മാന്‍ അന്തരിച്ചു. തൊണ്ടയിലെ കാന്‍സറിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയില്‍ ഒരുപാട് കാലം ഒരുമിച്ച് കളിച്ച ജോണ്‍ എഡ്‌റിച്ച് മരണപ്പെട്ടതിന് ഒരു ദിവസം കഴിഞ്ഞാണ് ജാക്ക്മാനും വിടപറയുന്നത്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലായിരുന്നു ജാക്ക്മാന്റെ ജനനം. 

അദ്ദേഹത്തിന് ഒരു വയസുള്ളപ്പോള്‍ തന്നെ കുടുംബം സറേയിലേക്ക് തിരിച്ചു. സ്പിന്നറായിട്ടാണ് കളിച്ചുതുടങ്ങിയതെങ്കിലും പിന്നീട് പേസ് ബൗളറായി മാറുകയായിരുന്നു. എന്നാല്‍ 35ാം വയസില്‍ മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റം നേടത്തിയത്. നാല് ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 14 വിക്കറ്റുകളായിരുന്നു സമ്പാദ്യം. 42 റണ്‍സും നേടി. നേരത്തെ 29ാം വയസില്‍ ഏകദിനത്തില്‍ അരങ്ങേറിയിരുന്നു. 15 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 19 വിക്കറ്റും സ്വന്തമാക്കി. 399 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 1402 വിക്കറ്റും 5685 റണ്‍സും നേടി. 288 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചപ്പോല്‍ 439 വിക്കറ്റും സ്വന്തം പേരില്‍ ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയിലും അദ്ദേഹം ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഭാര്യ ദക്ഷിണാഫ്രിക്കകാരി ആയതിനാല്‍ അവിടെയായിരുന്നു ഏറെ നാളും. മരണവും ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു.