127 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 45.18 ശരാശരിയില്‍ 29 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളും അടക്കം 8856 റണ്‍സ് നേടിയിട്ടുള്ള പഞ്ചാല്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന താരങ്ങളിലൊരാളാണ്.
അഹമ്മദാബാദ്: ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ താരങ്ങളിലൊരാളായിട്ടും ഇന്ത്യൻ ടീമില്‍ കാര്യമായി അവസരം ലഭിക്കാതിരുന്ന ഗുജറാത്ത് മുന്‍ നായകന്‍ പ്രിയങ്ക് പഞ്ചാല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ ഇന്ത്യ എ ക്യാപ്റ്റൻ കൂടിയായിരുന്നു 35കാരനായ പ്രിയങ്ക് പഞ്ചാല്‍.
127 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 45.18 ശരാശരിയില്‍ 29 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളും അടക്കം 8856 റണ്‍സ് നേടിയിട്ടുള്ള പഞ്ചാല്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന താരങ്ങളിലൊരാളാണ്. വലം കൈയന്‍ ബാറ്ററായ പഞ്ചാല്‍ 97 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളം അടക്കം 40.80 ശരാശരിയില്‍ 3672 റണ്‍സും 59 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ചുറി അടക്കം 28.71 ശരാശരിയില്‍ 1522 റണ്‍സും പഞ്ചാല്‍ നേടിയിട്ടുണ്ട്.
ഇന്ത്യ എക്കായും കളിച്ച പ്രിയഞ്ച് പഞ്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ 17 സീസണുകളില്‍ ഗുജറാത്തിനായി കളിച്ചു. 2016-2017 സീസണില്‍ ഗുജറാത്ത് രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ ട്രിപ്പിള്‍ സെഞ്ചുറി(314*) അടക്കം 1310 റണ്‍സടിച്ച പഞ്ചാല്‍ തിളങ്ങിയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തിയില്ല. 2015-16ല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫി നേടിയ ഗുജറാത്ത് ടീമിലും 2012-2013, 2013-2014 ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ഗുജറാത്ത് ടീമിലും പഞ്ചാല്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ സെഞ്ചുറി നേടിയ(148) മത്സരമാണ് പ്രിയങ്കിന്‍റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം. ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സില്‍ 457 റണ്‍സടിച്ചപ്പോള്‍ ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ ബലത്തില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുകയും ചെയ്തു.


