കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്ന ധോണി കെട്ടിപ്പടുത്ത ടീമാണ് ചെന്നൈയുടേതെന്ന് റെയ്ന മറുപടി നല്‍കി. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ധോണി ഏഴാമനായും എട്ടാമനായും ഒമ്പതാമനായുമെല്ലാം ക്രീസിലെത്തുന്നത് എന്നായി ആകാശ് ചോപ്രയുടെ ചോദ്യം.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ ഫിറ്റ്നെസിനെക്കുറിച്ചും ബാറ്റിംഗ് ഫോമിനെക്കുറിച്ചും രൂക്ഷമായി തര്‍ക്കിച്ച് മുന്‍ താരങ്ങളായ സുരേഷ് റെയ്നയും ആകാശ് ചോപ്രയും. സുരേഷ് റെയ്നയും ആര്‍ പി സിംഗും ധോണിക്കുവേണ്ടി തര്‍ക്കിച്ചപ്പോള്‍ മുന്‍ താരങ്ങളായ ആകാശ് ചോപ്രയും സഞ്ജയ് ബംഗാറും ധോണി ഇനിയും കളിക്കുന്നത് ചെന്നൈക്ക് വലിയ ബാധ്യതയാകുമെന്ന നിലപാടിലായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ തര്‍ക്കിച്ചത്.
ബാറ്റിംഗ് ഓര്‍ഡറില്‍ ധോണി നേരത്തെ ഇറങ്ങാത്തത് മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനാണെന്ന് റെയ്ന പറഞ്ഞു. ഇപ്പോഴും ധോണി പൂര്‍ണമായും ഫിറ്റാണെന്നും ടീമിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരമാണെന്നും റെയ്ന പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ ധോണി എന്തുകൊണ്ട് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുന്നില്ലെന്നും അണ്‍ക്യാപ്ഡ് ഇന്ത്യൻ താരമെന്ന ലേബലില്ലായിരുന്നെങ്കില്‍ ധോണി ഇത്തവണ ഐപിഎല്ലില്‍ ചെന്നൈക്കായി കളിക്കുമായിരുന്നോ എന്നും ചോദിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്ന ധോണി കെട്ടിപ്പടുത്ത ടീമാണ് ചെന്നൈയുടേതെന്ന് റെയ്ന മറുപടി നല്‍കി. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ധോണി ഏഴാമനായും എട്ടാമനായും ഒമ്പതാമനായുമെല്ലാം ക്രീസിലെത്തുന്നത് എന്നായി ആകാശ് ചോപ്രയുടെ ചോദ്യം. അത്രയും വലിയ കളിക്കാരനാണെങ്കില്‍ നേരത്തെ ഇറങ്ങേണ്ടതല്ലെ എന്നും ധോണിക്ക് ശാരീരികക്ഷമത ഇല്ലേ എന്നും ആകാശ് ചോപ്ര ചോദിച്ചു.
അവസാന നാലോവറുകളില്‍ ഇറങ്ങുന്നതാണ് ധോണിക്ക് സൗകര്യമെന്നും 44-ാം വയസിലും 20 ഓവര്‍ അദ്ദേഹം കീപ്പ് ചെയ്യുന്നത് തന്നെ ഫിറ്റ്നെസിന് തെളിവല്ലെ എന്നും റെയ്ന മറുപടി നല്‍കി. ടി20 ലോകകപ്പ് ടീമിലിടം പ്രതീക്ഷിക്കുന്ന ശിവം ദുബെയെ പോലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതെന്നും റെയ്ന ന്യായീകരിച്ചു.
കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായ ധോണി പൂര്‍ണ ഫിറ്റ് അല്ലെങ്കിലും എങ്കിലും 20 വര്‍ഷമായി കീപ്പ് ചെയ്യുന്ന അദ്ദേഹം വളരെ മികച്ച രീതിയില്‍ മാനേജ് ചെയ്തുവെന്നും ആര്‍പി സിംഗ് പറഞ്ഞു. അടുത്ത ഐപിഎല്ലില്‍ കളിക്കാനിറങ്ങുമ്പോള്‍ ധോണിക്ക് 44 വയസാകുമെന്നും അന്നും കൈയും കണ്ണും തമ്മിലുള്ള കോര്‍ഡിനേഷന്‍ സാധ്യമാകുമോ എന്ന് ബംഗാര്‍ ചോദിച്ചു. ഐപിഎല്‍ പോലും വളരേയേറെ മത്സരക്ഷമതയുള്ളൊരു ലീഗില്‍ കളിക്കാന്‍ ഇതൊക്കെ മതിയാകുമോ എന്നും ബംഗാര്‍ ചോദിച്ചു.