ചെന്നൈ:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ശാന്തനായ പേസ് ബൗളര്‍മാരിലൊരാളായിരുന്ന ജവഗല്‍ ശ്രീനാഥ്. എതിരാളികളോടും പോലും മാന്യമായി മാത്രം പെരുമാറുന്ന ശ്രീനാഥിനെയെ ഗ്രൗണ്ടില്‍ കാണാന്‍ കഴിയുകയുള്ളു. എന്നാല്‍ അത്രയും മാന്യനായ ശ്രീനാഥ് ഒരിക്കല്‍ സച്ചിന്റെ പറ്റിക്കലിന് ഇരയായ കഥ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹേമംഗ് ബഥാനി. 2002ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന കട്ടക്ക് ഏകദിനത്തിനിടെയായിരുന്നു ആ സംഭവം.

മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് സച്ചിന്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, നീ പോയി ശ്രീനാഥിന്റെ കിറ്റില്‍ നിന്ന് ടീം ജേഴ്സിയിലെ പാന്റ് എടുത്ത് മാറ്റിയിട്ട്,  തന്റെ പാന്റെടുത്ത് അതിനകത്ത് വെക്കാന്‍. ആറടി രണ്ടിഞ്ചോ മൂന്നിഞ്ചോ ഉയരമുള്ള ശ്രീനാഥിന് അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള സച്ചിന്റെ പാന്റ് ഒരിക്കലും പാകമാകില്ലെന്ന് ഉറപ്പാണ്.ഞാന്‍ സച്ചിന്‍ പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ശ്രീനാഥ് കിറ്റില്‍ നിന്ന് പാന്റ്സും എടുത്തിട്ട് പരിശീലനത്തിനിറങ്ങി. പാന്റ്സിന്റെ നീളമൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. പരിശീലനം കഴിഞ്ഞ് മത്സരത്തിന് തയാറാവുന്നതിന് തൊട്ടുമുമ്പും സച്ചിന്‍ ഇതേക്കാര്യം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ പാന്റ്സ് മാറ്റി അവിടെ സച്ചിന്റെ പാന്റ്സ് കൊണ്ടുവെക്കാന്‍ പറഞ്ഞു.

ഞാനതുപോലെ ചെയ്തു. ഇതൊന്നും ശ്രദ്ധിക്കാതെ പാകമല്ലാത്ത സച്ചിന്റെ പാന്റ്സും ധരിച്ച് ശ്രീനാഥ് മത്സരത്തിനിറങ്ങി. എന്നാല്‍ നീളം കുറഞ്ഞ ശ്രീനാഥിന്റെ പാന്റ്സ് കണ്ട് സഹതാരങ്ങളെല്ലാം ചിരി തുടങ്ങി. ആദ്യം ശ്രീനാഥിന് സംഗതി മനമസിലായില്ല. അതുകൊണ്ടുതന്നെ അതൊന്നും ശ്രദ്ധിക്കാതെ ശ്രീനാഥ് ആദ്യ ഓവര്‍ എറിഞ്ഞു.

ആദ്യ ഓവര്‍ പൂര്‍ത്തിയാക്കിയശേഷം ശ്രാനാഥ് ഡ്രസ്സിംഗ് റൂമിലെത്തി. ആ മത്സരത്തില്‍ ഞാന്‍ കളിച്ചിരുന്നില്ല. അവിടെ ഇരിക്കുകയായിരുന്ന എന്നോട് ചോദിച്ചു ആരാണിത് ഇത് ചെയ്തത് എന്ന്. ഞാന്‍ ഒന്നുമറിയാത്തതുപോലെ കൈമലര്‍ത്തി. എന്നാല്‍ ഈ സംഭവമൊന്നും മത്സരത്തിലെ ശ്രീനാഥിന്റെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തില്‍ 41 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം ഒരു വിക്കറ്റെടുത്തു. ടീമിലെ ക്ലാസിക് പറ്റിപ്പുകാരനായിരുന്നു സച്ചിനെന്നും ബഥാനി പറഞ്ഞു.