ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹന് കൊവിഡ് സ്ഥിരീകരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ചൗഹാന്‍. ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന് പരിശോധനകള്‍ നടത്തിയിരുന്നു. പിന്നാലെ വന്ന പരിശോധന ഫലം പോസിറ്റീവുകയായിരുന്നു. കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചേതന്‍ ചൗഹാന്‍. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും ഏകദിനത്തില്‍ 21.85 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ സ്‌കോട്ട്ലന്‍ഡ് താരം മജീദ് ഹഖിനും ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാന്‍. 

കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുമ്പ് നടന്ന പരിശോധനയില്‍ നിലവിലെ പാകിസ്താന്‍ ടീമിലെ 10 താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.