ഇന്ന് കട്ടക്കിലാണ് രണ്ടാം ടി20. ബൗളര്‍മാരുടെ മൂര്‍ച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക. ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കൊവിഡ് മുക്തനാവാത്ത മാര്‍ക്രാം ഇന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs IND) ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) പുറത്തെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 12 പന്തില്‍ 31 റണ്‍സ് അടിച്ചടുത്തിരുന്നു. ഇതില്‍ മൂന്ന് സിക്സും രണ്ട് ഫോറുണ്ടായിരുന്നു. ഇന്ത്യയെ 200നപ്പുറമുള്ള സ്‌കോറിലെത്താന്‍ സഹായിച്ചത് ഹാര്‍ദിക്കിന്റെ പ്രകടനമായിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra) മുന്നോട്ടുവച്ചത് മറ്റൊരു അഭിപ്രായമാണ്. 

ഹാര്‍ദിക്കിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റിയാല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തുമെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''റിഷഭ് പന്തിന് മുമ്പ് ഹാര്‍ദിക് ക്രീസിലെത്തണം. 10-12 ഓവറിന് ശേഷമാണ് വിക്കറ്റ് പോകുന്നതെങ്കില്‍ 30 പന്തെങ്കിലും നേരിടാന്‍ അവന് അവസരം നല്‍കണം. അങ്ങനെയെങ്കില്‍ 70-80 റണ്‍സ് നേടാന്‍ ഹാര്‍ദിക്കിന് സാധിക്കും. കുറച്ച് നേരത്തെ ഹാര്‍ദിക്കിനെ ഇറക്കുന്നത് നന്നായിരിക്കും.'' ചോപ്ര പറഞ്ഞു. 

ബൗളിംഗ് വകുപ്പിനെ കുറിച്ചും ചോപ്ര സംസാരിച്ചു. ''യൂസ്‌വേന്ദ്ര ചാഹലിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കണം. അതുകൊണ്ടുതന്നെ അദ്ദേഹം നേരത്തെ പന്തെറിയാനെത്തിയാലും കുഴപ്പമില്ല. ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി നന്നായി പന്തെറിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയപ്പോള്‍ അത്ര മികവ് പുറത്തെടുക്കാനായില്ല. അതുകൊണ്ടുതന്നെ അവന്റെ പ്രകടനം വിലയിരുത്തപ്പെടേണ്ടതുണ്ട്.'' ചോപ്ര വ്യക്താക്കി.

പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ചോപ്ര. ''ദിനേഷ് കാര്‍ത്തികും ശ്രേയസ് അയ്യരും ടീമില്‍ തുടരട്ടെ. കാര്‍ത്തികിനെ മാറ്റി ദീപക് ഹൂഡയെ കളിപ്പിച്ചാല്‍ അത് കാര്‍ത്തികിനോട് ചെയ്യുന്ന തെറ്റാവും. അടിക്കടി മാറ്റം വന്നാല്‍ അത് ടീമിന് ഗുണം ചെയ്യില്ല.'' ചോപ്ര പറഞ്ഞുനിര്‍ത്തി. 

ഇന്ന് കട്ടക്കിലാണ് രണ്ടാം ടി20. ബൗളര്‍മാരുടെ മൂര്‍ച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക. ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കൊവിഡ് മുക്തനാവാത്ത മാര്‍ക്രാം ഇന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല. ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഫോം ഇന്ത്യക്ക് വെല്ലുവിളിയാവും. പിച്ച് പേസിനെ തുണയ്ക്കുമെങ്കില്‍ കേശവ് മഹാരാജിന് പകരം ലുംഗി എന്‍ഗിഡിയെയോ മാര്‍കോ ജാന്‍സനോ ടീമിലെത്തിയേക്കും. 

ഏഴ് വര്‍ഷം മുന്‍പ് കട്ടക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് തോല്‍വി നേരിടുകയും ചെയ്തു. അന്നത്തെ ടീമിലെ കാഗിസോ റബാഡയും ഡേവിഡ് മില്ലറും മാത്രമേ ഇന്ന് ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളൂ. കട്ടക്കിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയെ 87 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ 93 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി. സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.