രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. മൂന്നാം സ്ഥാനത്തേക്ക് വിരാട് കോലിക്കൊപ്പം ശ്രേയസ് അയ്യരുടെ ഫോമും ചര്‍ച്ച ചെയ്യപ്പെടും.
ദില്ലി: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നിര ഒരുക്കുയെന്നുള്ളത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം കടുത്ത തലവേദനയായിരിക്കും. അത്രത്തോളം താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഓപ്പണിംഗ് സ്ഥാനത്തിന് തന്നെ മത്സരമാണ്. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. മൂന്നാം സ്ഥാനത്തേക്ക് വിരാട് കോലിക്കൊപ്പം ശ്രേയസ് അയ്യരുടെ ഫോമും ചര്‍ച്ച ചെയ്യപ്പെടും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍ എന്നിങ്ങനയെള്ളു പ്രതിഭകളുടെ നിര തന്നെയുണ്ട്. ഇതില്‍ നിന്ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ സ്ഥാനമുറപ്പിച്ച ബാറ്റര്‍മാരാണെന്നാണ് ചോപ്ര പറയുന്നത്. രോഹിത്, രാഹുല്‍ എന്നിവര്‍ക്ക് പുറമെ കോലിയുടെ പേരും ഓപ്പണിംഗ് സ്ഥാനത്തേക്കാണ് ചോപ്ര പരിഗണിക്കുന്നത്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും മൂന്നാം സ്ഥാനത്തേക്ക് മാറാമെന്നും ചോപ്ര പറയുന്നു. ഓപ്പണറായി ഇടങ്കയ്യനെ ഉപോയഗിക്കേണ്ടി വന്നാല്‍ ഇഷാന്‍ കിഷനേയും പരിഗണിക്കമമെന്നും ചോപ്രയുടെ അഭിപ്രായം. പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ കടുത്ത മത്സരം നടത്തേണ്ടി വരും. പൃഥ്വി ആക്രമണകാരിയാണെന്നുള്ളത് സാധ്യത വര്‍ധിപ്പിക്കുമെന്നും ചോപ്ര പറയുന്നു.
കോലിക്ക് എന്തുകൊണ്ട് ഓപ്പണറായിക്കൂടെന്ന ചോദ്യമാണ് ചോപ്ര ചോദിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ ഒരു മല്‍സരത്തില്‍ കോലി- രോഹിത് സഖ്യം ചേര്‍ന്ന് ഓപ്പണ്‍ ചെയ്തത് മുന്‍ താരം ചൂണ്ടിക്കാട്ടി. ടി20 ലോകകപ്പില്‍ താനും രോഹിത്തും ചേര്‍ന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തേക്കുമെന്ന സൂചനയും ഈ മല്‍സരത്തിനു ശേഷം കോലി നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
അതുകൊണ്ട് വരാനിരിക്കുന്ന ലോകകപ്പില്‍ കോലി-രോഹിത് ജോടി ഓപ്പണര്‍മാരായി കളിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നാണ് ചോപ്രയുടെ പക്ഷം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രേയസ് അയ്യര്‍ ഉണ്ടാവുമെന്നാണ് ചോപ്രയുടെ അഭിപ്രായം. വിന്‍ഡീസിനെതിരെ പുറത്തെടുത്ത ഫോം മാത്രം മതി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍. സൂര്യകുമാര്‍ യാദവും ടീമിന്റെ ഭാഗമാവും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ചോപ്ര കാണുന്നത്.
ഇവര്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചവരാണെന്നാണ് ചോപ്ര പറയുന്നത്. ''ബാറ്റിംഗ് നിരയുടെ കാര്യത്തില്‍ വലിയൊരു മാറ്റമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പന്ത് സ്ഥിരം വിക്കറ്റ് കീപ്പറെങ്കിലും രാഹുലും കിഷനും ടീമിലുള്ളത് ഗുണം ചെയ്യും.'' ചോപ്ര വ്യക്തമാക്കി.
