ഐപിഎല്ലില്‍ ഇഷാന്‍ കിഷന് തിളങ്ങാന്‍ കഴിയാതെ പോയത് സമ്മര്‍ദ്ദം കൊണ്ടാണെനും കപില്‍ പറഞ്ഞു. ഉയര്‍ന്ന തുക ലഭിച്ചതാവാം ഇത്തരമൊരു സമ്മര്‍ദ്ദത്തിന് കാരണമെന്നും കപില്‍ കൂട്ടിചേര്‍ത്തു.

ദില്ലി: ഈ സീസണ്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു സാംസംണ്‍ (Sanju Samson) പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തുണ്ട് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍. 17 മത്സരങ്ങളില്‍ 458 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല. താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ കപില്‍ ദേവും (Kapil Dev) ഇപ്പോള്‍ ഇതുതന്നെയാണ് പറയുന്നത്. സഞ്ജു നിരാശപ്പെടുത്തുവെന്നാണ് കപില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു എന്നെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ അവന്‍ നന്നായി കളിക്കും. പിന്നീട് മോശം പന്തുകളില്‍ പുറത്താവും. തുടര്‍ച്ചയായി ഇങ്ങനെ പുറത്താവുമ്പോള്‍ നിരാശ തോന്നും.'' കപില്‍ വ്യക്താക്കി. 

നിലവിലെ വിക്കറ്റ് കീപ്പര്‍മാരെ കുറിച്ചും കപില്‍ സംസാരിച്ചു. ''സഞ്ജു പ്രതിഭയുള്ള താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ മികച്ച ഫോമില്‍ നില്‍ക്കെ, വരും മത്സരങ്ങളില്‍ നിരാശപ്പെടുത്തും. ബാക്കിയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരും ഇങ്ങനെയൊക്കെ തന്നെ. ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രം ടീമിന്റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളവര്‍. സഞ്ജു, ഇഷാന്‍ കിഷാന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സാഹ. എന്നാല്‍ ബാറ്റിംഗിന്റെ കാര്യത്തില്‍ സഞ്ജു, ഇഷാന്‍, കാര്‍ത്തിക് എന്നിവര്‍ക്ക് താഴെയാണ് അവന്‍. എന്നാല്‍ സ്ഥിരതയുടെ കാര്യത്തില്‍ കാര്‍ത്തിക് തന്നെയാണ് കേമന്‍.'' കപില്‍ പറഞ്ഞു. 

കാര്‍ത്തിക് ഗംഭീര തിരിച്ചുവരവാണ് നടത്തിയതെന്നും കപില്‍ പറയുന്നു. ''മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് മുമ്പ് കാര്‍ത്തിക് കരിയര്‍ തുടങ്ങിയിരുന്നു. അവഗണിക്കപ്പെടേണ്ട താരമല്ല താനെന്ന് കാര്‍ത്തിക് തെളിയിച്ചു. വലിയ കാര്യമാണത്, എന്നാല്‍ ലോകകപ്പ് ടീമിലെത്താന്‍ ഏറെ സാധ്യത പന്തിന് തന്നെയാണ്. ഇനിയും ഒരുപാട് നാള്‍ കളിക്കാന്‍ അവന് സാധിക്കും.'' കപില്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഇഷാന്‍ കിഷന് തിളങ്ങാന്‍ കഴിയാതെ പോയത് സമ്മര്‍ദ്ദം കൊണ്ടാണെനും കപില്‍ പറഞ്ഞു. ഉയര്‍ന്ന തുക ലഭിച്ചതാവാം ഇത്തരമൊരു സമ്മര്‍ദ്ദത്തിന് കാരണമെന്നും കപില്‍ കൂട്ടിചേര്‍ത്തു.