കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി പകല്‍- രാത്രി ടെസ്റ്റുകള്‍ ആരംഭിച്ചത്. മിക്ക ടീമുകളും പിങ്ക് പന്തില്‍ പകല്‍- രാത്രി ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഇന്ത്യയുടെ അരങ്ങേറ്റം വെള്ളിയാഴ്ചയാണ്. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. 66,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയാണ് ഈഡന്‍ ഗാര്‍ഡന്‍സ്. സ്റ്റേഡിയും നിറയുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത് ഇന്ത്യയില്‍ കാണികളെ ആകര്‍ഷിക്കാന്‍ പകല്‍- രാത്രി ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രം പോരെന്നാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ ദ്രാവിഡ് പറയുന്നതിങ്ങനെ... ''കാണികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പകല്‍- രാത്രി ടെസ്റ്റുകള്‍ ഒരു പ്രധാന മാര്‍ഗമാണ്. എന്നാല്‍ അതുമാത്രമല്ല വഴി. ഒരു ടെസ്റ്റ് കലണ്ടര്‍ ആവശ്യമാണ്. ആഷസ് പരമ്പരയ്ക്ക് എപ്പോഴും സ്‌റ്റേഡിയം നിറയാറുണ്ട്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ ആളുകളുണ്ട്. കാരണം അവര്‍ക്ക് ഒരു സമയക്രമമുണ്ട്. ഡിസംബറില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് ആരാധകര്‍ക്ക് നേരത്തെ കണക്കുകൂട്ടാം. ജൂലൈ മാസത്തിലെ ലോര്‍ഡ്‌സ് ടെസ്റ്റും അങ്ങനെ തന്നെ. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കാണം.

സ്റ്റേഡിയത്തിന് അകത്തെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം. പൂനെയില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇരിപ്പിടം, കക്കൂസ്, വാഹന പാര്‍ക്കിങ് ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.