മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി (Ravi Shastri) പറയുന്നത് മറ്റൊരു വഴിയാണ്. 40 ഓവറാക്കി വെട്ടിചുരുക്കണമെന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്.

മുംബൈ: അടുത്തിടെയാണ് ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (Ben Stokes) ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്ന കാരണം പറഞ്ഞാണ് സ്റ്റോക്‌സ് ഏകദിനം മതിയാക്കാന്‍ തീരുമാനിച്ചത്. ജോലിഭാരം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടി20- ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തുടരാന്‍ സ്‌റ്റോക്‌സ് തീരുമാനിക്കുകയായിരുന്നു. പിന്നാലെ മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം (Wasim Akram) ഏകദിനത്തിനെതിരെ തിരിഞ്ഞിരുന്നു. ഫോര്‍മാറ്റ് വിരസമാണെന്നും നിര്‍ത്തലാക്കണമെന്നുമാണ് പാക് ഇതിഹാസം പറഞ്ഞത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി (Ravi Shastri) പറയുന്നത് മറ്റൊരു വഴിയാണ്. 40 ഓവറാക്കി വെട്ടിചുരുക്കണമെന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. ശാസ്ത്രി വിശദീകരിക്കുന്നതിങ്ങനെ... ''1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ 60 ഓവര്‍ മത്സരമായിരുന്നു. ഏകദിന ക്രിക്കറ്റ് തുടങ്ങുന്നത് തന്നെ 60 ഓവറിലാണ്. പിന്നീട് 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് തോന്നിയിരുന്നു. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി തോന്നി. അങ്ങനെയാണ് 50 ഓവറാക്കി ചുരുക്കുന്നത്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നത് ഒരു തരത്തിലും ദോഷം ചെയ്യില്ല. എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ? മുന്നോട്ട് ചിന്തിക്കുകയാണ് വേണ്ടത്. സംഘാടകര്‍ തിനെ കുറിച്ച് കാര്യമായി ചിന്തിക്കണം.'' ശാസ്ത്രി പറഞ്ഞു.

'അവനെ ബുമ്രയ്‌ക്കൊപ്പമൊന്നും കളിപ്പിക്കാനാവില്ല'; പേസറുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്ന് സ്റ്റൈറിസ്

ഇതേ അഭിപ്രായം നേരത്തെ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും പങ്കുവച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. ''ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ തികച്ചും വിരസമായിരിക്കുന്നു. അതുകൊണ്ട് 50-ല്‍ നിന്ന് 40 ആയി ചുരുക്കണമെന്നാണ് എന്റെ അഭിപ്രായം.'' അഫ്രീദി വ്യക്തമാക്കി.

ലോവ്ലിന ബോര്‍ഗോഹെയ്‌നിന്റെ പ്രതിഷേധം ഫലം കണ്ടു; വിശദീരണവുമായി ബോക്‌സിംഗ് ഫെഡറേഷന്‍

ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്നാണ് അക്രം പറഞ്ഞത്. ''ടി20 ക്രിക്കറ്റിന് ശേഷം ഏകദിനങ്ങള്‍ വലിയ മടുപ്പുളവാക്കുന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ ക്ഷീണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഏകദിന ഫോര്‍മാറ്റ് എടുത്ത് മാറ്റണമെന്നാണ് എന്റെ അഭിപ്രായം.'' അക്രം വിശദീകരിച്ചു.