ഇവരെല്ലാം ഇന്ത്യയെ ഒരിക്കലെങ്കിലും നയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍ക്കും (Shreyas Iyer) നായകനാവാനുള്ള ശേഷിയുണ്ടെന്നും പലരും വിലയിരുത്തിയിട്ടുണ്ട്.

മുംബൈ: രോഹിത് ശര്‍മയ്ക്ക് (Rohit Sharma) ശേഷം ആര് ഇന്ത്യയെ നയിക്കുമെന്നത് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമാണ്. പ്രധാനമായും കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവരുടെ പേരുകളാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇവരെല്ലാം ഇന്ത്യയെ ഒരിക്കലെങ്കിലും നയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍ക്കും (Shreyas Iyer) നായകനാവാനുള്ള ശേഷിയുണ്ടെന്നും പലരും വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്ന് ഒരാളെയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി അരുണ്‍ ലാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആ നറുക്ക് രാഹുലിനല്ലെന്നുള്ളതാണ് പ്രത്യേകത. പന്തിനെയാണ് നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഭാവി നായകനാവാന്‍ ശേഷിയുള്ള ക്രിക്കറ്ററാണ് പന്ത്. തന്റെ സ്വതസിദ്ധമായ ഗെയിം കളിക്കാന്‍ ഒട്ടും ഭയമില്ല അവന്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പന്തിന് സാധിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ കരകയറ്റാനുള്ള കെല്‍പ്പുണ്ട് പന്തിന്. അത്തരത്തിലുള്ള ഒരാള്‍ക്ക് നല്ല ക്യാപ്റ്റനാവാനും സാധിക്കും. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവന്‍ നായകനായി അരങ്ങേറുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ അവന്‍ മനോഹരമായി ജോലി പൂര്‍ത്തിയാക്കി. അഗ്രസീവായ താരം ക്യാപ്റ്റനാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും ഗുണം ചെയ്യും.'' അരുണ്‍ ലാല്‍ പറഞ്ഞു. 

പന്തിന്റെ ബാറ്റിംഗിനെ കുറിച്ചും അരുണ്‍ ലാല്‍ സംസാരിച്ചു. ''എല്ലാ ഫോര്‍മാറ്റിലും അവന്റെ പ്രകടനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സെഞ്ചുറികള്‍ നേടുന്നതിനേക്കാളുപരി വിജയത്തില്‍ സ്വാധീനിക്കുന്ന ഇന്നിംഗ്‌സ് കളിക്കുകയാണ് വേണ്ടത്. ടെസ്റ്റില്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ നിശ്ചിത ഓവര്‍ക്രിക്കറ്റിലും അവന് മനോഹരമായി കളിക്കാനാവും. ശൈലയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. സ്ഥിരതയോടെ കളിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ ഹീറോയാവാനും പന്തിന് സാധിക്കും. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത കഴിവാണ്ട് വേണ്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് ദിവസം പിടിച്ചുനില്‍ക്കാനുള്ള ഫിറ്റ്നസും ആവശ്യമാണ്.'' അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുന്‍ പാകിസ്ഥാന്‍ താരം ഷോയ്ബ് അക്തറും പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ''ആവശ്യമായ സമയത്ത് ഇന്നിംഗ്‌സിന്റെ വേഗത കൂട്ടാനുള്ള കഴിവ് പന്തിനുണ്ട്. എതിരാളിയെ ബുദ്ധിമുട്ടിലാക്കാന്‍ പന്തിന്റെ ബാറ്റിംഗ് ശൈലികൊണ്ട് സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സ് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. അവന്‍ ഭാവിയില്‍ മികച്ച താരമായി മാറും. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ അവന് മാത്രമെ സാധിക്കൂ.'' അക്തര്‍ പന്തിനെ കുറിച്ച് പറഞ്ഞു.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് പന്ത് ഇനി കളിക്കുക. ഈ മാസം 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ റിഷഭിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.