മുംബൈയിലെ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് തകര്‍ന്നടിഞ്ഞ ഇന്ത്യ, കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണും വഴങ്ങി തോല്‍വിയുടെ വക്കില്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 232.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ മാറ്റിമറിച്ച ഒരു ഇന്നിംഗ്‌സിന് ഇന്ന് 22 വര്‍ഷം തികയുകയാണ്. 2001ല്‍ ഓസ്‌ട്രേലിയക്കെതിരെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്ത ശേഷം രാഹുല്‍ ദ്രാവിഡ്- വിവിഎസ് ലക്ഷ്മണ്‍ സഖ്യം ഐതിഹാസിക ഇന്നിംഗ്‌സ് പുറത്തെടുത്തുപ്പോള്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യ ചരിത്രപരമായ തിരിച്ചുവരവിന് അടിത്തറയൊരുക്കി. ഇരട്ടെ സെഞ്ചുറി നേടിയ വിവിഎസ് ലക്ഷ്മണും സെഞ്ചുറി നേടിയ രാഹുല്‍ ദ്രാവിഡുമാണ് മത്സരത്തില്‍ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. 

ഇതിനിടെ അന്നത്തെ ടീമിനെ കുറിച്ച് ഇതുവരെ ആര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തുകയാണ് മുന്‍ താരം ഹേമാങ് ബദാനി. മുംബൈയിലെ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് തകര്‍ന്നടിഞ്ഞ ഇന്ത്യ, കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണും വഴങ്ങി തോല്‍വിയുടെ വക്കില്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 232. നാലാം ദിനം ചായക്ക് മുന്‍പ് ഇന്ത്യന്‍ പതനം പൂര്‍ത്തിയാകുമെന്ന് എല്ലാവരും കരുതിയിരുന്നപ്പോഴാണ് ലക്ഷ്മണ്‍ ദ്രാവിഡ് കൂട്ടുകെട്ട് തിരിച്ചടിച്ചത്.

നാലാം ദിനം മുഴുവനും ഇരുവരും ബാറ്റ് ചെയ്യുകയും അഞ്ചാം ദിനം ഹര്‍ഭജന്‍ സിംഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബൗളിംഗില്‍ തിളങ്ങുകയും ചെയ്തതോടെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ. ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും ചെറുത്തുനില്‍പ്പില്‍ ആവേശം കൊള്ളുമ്പോഴും, 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് പറ്റിയ അബദ്ധം വെളിപ്പെടുകുകയാണ് മുന്‍ താരം ബദാനി. നാലാം ദിവസം കളി തീരുമെന്ന് കരുതി ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും തലേന്ന് രാത്രി തന്നെ ബാഗുകളെല്ലാം പാക്ക് ചെയ്ത് വച്ചെന്നാണ് ബദാനിയുടെ വെളിപ്പെടുത്തല്‍. 

ബദാനി വിശദീകരിക്കുന്നതിങ്ങനെ... ''നാലാം ദിനം മത്സരം അവസാനിക്കുമെന്നാണ് ഞങ്ങളെല്ലാം കരുതിയത്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഡ്രസും മറ്റും പാക്ക് ചെയ്തിരുന്നു. സ്യൂട്ട്‌കേസുകള്‍ വിമാനത്താവളത്തിലേക്ക് അയക്കാന്‍ ഹോട്ടല്‍ സ്റ്റാഫിന് നിര്‍ദേശവും നല്‍കി. ഹോട്ടലിലേക്ക് വരാതെ, നേരിട്ട് ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തീരുമാനം. ദ്രാവിഡും ലക്ഷ്മണും ക്രീസിലുറച്ചതോടെ, പദ്ധതിയെല്ലാം പാളി. 

വൈകീട്ട് തിരികെയെത്തിയപ്പോള്‍ സ്യൂട്ട് കേസുകള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ടീം ജേഴ്‌സിയില്‍ തന്നെ രാത്രി ഒമ്പത് മണിവരെ മുറികളില്‍ ഇരിക്കേണ്ടി വന്നു. പിന്നീട് അത്താഴത്തിന് ശേഷമാണ് സ്യൂട്ട് കേസുകള്‍ കിട്ടിയത്. സ്യൂട്ട് കേസുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക കുറച്ച് മണിക്കൂറുകളില്‍ ഉണ്ടായിരുന്നു.'' ബദാനി വിവരിച്ചു.

എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ചരിത്രവിജയത്തില്‍ പങ്കാളിയായതിന്റെ ആവേശത്തിലാണ് ഇപ്പോഴും ബദാനി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് വന്‍ നീക്കവുമായി ഇന്ത്യ; പദ്ധതി വെളിപ്പെടുത്തി രോഹിത് ശർമ്മ