ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പോലീസ് കേസെടുത്തു. ദിങ്കര്‍ വിശ്വാമിത്ര നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

മുംബൈ: സ്റ്റീല്‍ കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച മോഹന്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കേശവ് കൊസാലെ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദിങ്കര്‍ വിശ്വാമിത്ര നല്‍കിയ പരാതിയിലാണ് മുന്‍ താരത്തിനെതിരെ കേസ്. സംഭവത്തില്‍ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോഹന്‍ നഗര്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രമുഖ വ്യവസായികളുമായി അടുത്ത ബന്ധമുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണെന്നാണ് ചൗഹാന്‍ പരിചയപ്പെടുത്തിയത്. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലുള്ള ജിന്‍ഡാല്‍ സ്റ്റീലിന്റെ അയിരു കയറ്റി അയക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഗോവിന്ദ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്ന തന്റെ സ്ഥാപനത്തിന് ഈ കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ചൗഹാന്‍, പങ്കാളിയായി ട്രക്കുകള്‍ ഇറക്കി ബിസിനസ്സില്‍ നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടാമെന്ന് പറഞ്ഞ് പരാതിക്കാരനെ പ്രേരിപ്പിക്കുകയായിരുന്നു. ഗോവിന്ദ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച വര്‍ക്ക് ഓര്‍ഡര്‍ രേഖകളും ഇയാള്‍ പരാതിക്കാരനെ കാണിച്ചിരുന്നു. ഇത് വിശ്വസിച്ച വിശ്വാമിത്ര 2021 ജൂലൈ 30-ന് ചൗഹാനുമായി കരാറിലേര്‍പ്പെടുകയും ചെക്ക് വഴി 2.51 ലക്ഷം രൂപ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പ്രൊപ്പോസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് ബിസിനസിനായി രണ്ട് ഗഡുക്കളായി 15.01 ലക്ഷം രൂപ കൂടി ഗോവിന്ദ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നല്‍കിയതായും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ചൗഹാന്‍ പിന്നീട് കൃത്യമായ മറുപടി നല്‍കാതെ വന്നതോടെ സംശയം തോന്നിയ വിശ്വാമിത്ര ജിന്‍ഡാല്‍ സ്റ്റീല്‍ ലിമിറ്റഡുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ചൗഹാനോ ഗോവിന്ദ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കോ യാതൊരുവിധ കരാറും നല്‍കിയിട്ടില്ലെന്നും, തനിക്ക് കാണിച്ചുതന്ന വര്‍ക്ക് ഓര്‍ഡര്‍ വ്യാജമാണെന്നും അവിടെനിന്നും മനസ്സിലായി.

തുടര്‍ന്ന് മോഹന്‍ നഗര്‍ പോലീസ് സ്റ്റേഷനിലും ദുര്‍ഗ് സൂപ്രണ്ട് ഓഫ് പോലീസിനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. പരാതിയും രേഖകളും പരിശോധിച്ച കോടതി, ഇത് പ്രഥമദൃഷ്ട്യാ ഗൗരവമേറിയ കുറ്റകൃത്യമാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും നിരീക്ഷിച്ചു. പരാതിക്കാരനില്‍ നിന്ന് ചൗഹാന്‍ വഞ്ചനാപരമായി പണം തട്ടിയെടുത്തതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അതേസമയം, ഇതൊരു ബിസിനസ്സ് തര്‍ക്കം മാത്രമാണെന്നാണ് രാജേഷ് ചൗഹാന്‍ നേരത്തെ പിടിഐയോട് പ്രതികരിച്ചിരുന്നത്. പരാതിക്കാരന്റെ ചില തുക ഇതിനോടകം തിരികെ നല്‍കിയിട്ടുണ്ടെന്നും, വ്യക്തിപരമായ ചില സാഹചര്യങ്ങള്‍ കാരണമാണ് ബാക്കി തുക നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

YouTube video player