മുംബൈ: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്‌തെ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1950കളില്‍ ഇന്ത്യക്കായി ഏഴ് ടെസ്റ്റുകള്‍ ആപ്‌തെ കളിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ടെസ്റ്റുകളും വെസ്റ്റ് ഇന്‍ഡീസിന് എതിരായിരുന്നു. ഇത്രയും ടെസ്റ്റുകളില്‍ നിന്ന് 49.27 ശരാശരിയില്‍ 542 റണ്‍സ് നേടിയിട്ടുണ്ട് ആപ്‌തെ. 

1952 പാക്കിസ്ഥാനെതിരെയായിരുന്നു ആപ്‌തെയുടെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 163 റണ്‍സാണ് ആപ്‌തെയുടെ മികച്ച സ്‌കോര്‍. 1989 മുതല്‍ വളരെക്കാലം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 

മുംബൈയ്ക്ക വേണ്ടി 46 രഞ്ജി മത്സരങ്ങളില്‍ ആപ്‌തെ പാഡ് കെട്ടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ ബംഗാളിനായും കളിച്ചു. 3336 റണ്‍സാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങില്‍ നിന്നും നേടിയത്. ഇതില്‍ ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.