പാറ്റ് കമ്മിന്‍സിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ 2026 സീസണില്‍ ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായി നിയമിച്ചു. 

ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണില്‍ ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാക്കി നിയമിച്ചിരുന്നു. നായകന്‍ പാറ്റ് കമ്മിന്‍സിന് വാരിയെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമാകുന്ന സാഹചര്യത്തിലാണ് ഹൈദരാബാദ് മാനേജ്മെന്റ് ഈ തീരുമാനമെടുത്തത്. മലയാളി താരം അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷനെ നായകനാക്കിയ സണ്‍റൈസേഴ്‌സിന്റെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രശംസിച്ചു. ഇതൊരു മനോഹരമായ കഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ പ്രതികരണം.

ആകാശ് ചോപ്രയുടെ വാക്കുകള്‍... ''ഇഷാന്‍ കിഷന്‍ ഇപ്പോള്‍ നായകനായിരിക്കുന്നു, ഇതൊരു മനോഹരമായ കഥയല്ലേ? കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും തന്റെ ജോലി കൃത്യമായി ചെയ്ത ഒരു താരം. ശരിയായ ട്രാക്ക് റെക്കോര്‍ഡുള്ള ഒരു കളിക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഹൈദരാബാദ് മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്.'' ജാര്‍ഖണ്ഡിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയും ടീമിനെ ജയിപ്പിച്ചുമാണ് ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതെന്നും ചോപ്ര ഓര്‍മ്മിപ്പിച്ചു.

ഇഷാന്റെ അവിശ്വസനീയമായ തിരിച്ചുവരവ്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇഷാന്‍ കിഷന്റെ കരിയറില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് പുറത്തായ ഘട്ടത്തില്‍ നിന്ന് ഇന്ന് ഒരു വലിയ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനം വരെ താരം എത്തിനില്‍ക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവ്: 2025-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ നയിച്ച ഇഷാന്‍, 10 മത്സരങ്ങളില്‍ നിന്ന് 197 സ്‌ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് അടിച്ചുകൂട്ടി. ടീമിനെ ആദ്യമായി കിരീടത്തിലേക്ക് നയിച്ചതും ഇഷാന്റെ മികവിലായിരുന്നു.

2026 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ നമീബിയയ്ക്കും പാകിസ്ഥാനുക്കെതിരെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടി. ലോകകപ്പ് ഫൈനലില്‍ 54 റണ്‍സ് നേടി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ ഇഷാന്‍ സഹായിച്ചു. ടൂര്‍ണമെന്റിലാകെ 317 റണ്‍സ് നേടിയ ഇഷാന്‍, സഞ്ജു സാംസണ് പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ടീമിനെ എങ്ങനെ നയിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അക്രമണോത്സുകമായ ബാറ്റിംഗും ഒപ്പം നായകനെന്ന നിലയിലുള്ള പരിചയസമ്പത്തും ഹൈദരാബാദിന് ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.

YouTube video player