ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞിരുന്നു.

ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത് മോശമായി പോയെന്ന് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് ഇന്ത്യന്‍ നായകനെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രസാദിന്റെ ഇടപെടല്‍. തന്റെ എക്‌സ് അക്കൗണ്ടിലാണ് ഷമ ഇന്ത്യന്‍ ക്യാപ്റ്റനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ പ്രസാദ് പറഞ്ഞതിങ്ങനെ... ''ഒരു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 8 മാസം മുമ്പ് ഇന്ത്യയെ ഒരു ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. മറ്റൊരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തിനില്‍ക്കെ അദ്ദേഹത്തെ ബോഡി ഷെയിം ചെയ്യുന്നത് തികച്ചും ദയനീയവും അനാവശ്യവുമാണ്. ഇത്രയും വര്‍ഷങ്ങളായി തന്റെ കഴിവുകളിലൂടെയും നേതൃത്വത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ച ഒരു വ്യക്തിയോട് അല്‍പ്പം ബഹുമാനം കാണിക്കണം.'' പ്രസാദ് തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതി.

റിഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു! 'കംബാക്ക് ഓഫ് ദ ഇയര്‍' കാറ്റഗറിയിലാണ് പേര്

ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞിരുന്നു. ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അതും ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ്. ഈ സമയം ടീമിനെ പിന്തുണക്കുക്കയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരിക്കലും അംഗീകരിക്കാനാനാവില്ല. കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും അടിസ്ഥാനരഹിതവുമാണ്. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ആരാധകര്‍ ഇന്ത്യയെ ഒരുമിച്ച് പിന്തുണക്കേണ്ട സമയമാണിതെന്നും സൈക്കിയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്‌സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് നേരത്തെ രംഗത്തെത്തിയിരുന്നു. കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശര്‍മ്മ തടി അല്‍പം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും ഷമ പറഞ്ഞിരുന്നു.