കൊല്‍ക്കത്ത: സുനില്‍ ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളില്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഇതിഹാസതാരം ബൈച്ചുങ് ബൂട്ടിയ. മലയാളി യുവതാരം സഹല്‍ അബ്ദുള്‍ സമദായിരിക്കും ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത താരമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബൂട്ടിയ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ഛേത്രി.

ഛേത്രിയുടെ സ്ഥാനത്ത് ഇന്ത്യക്ക് അനായാസം പ്രതിഷ്ഠിക്കാവുന്ന താരമായി സമദ് മാറുമെന്നാണ് ബൂട്ടിയ പറുന്നത്. മുന്‍താരം തുടര്‍ന്നു... ''അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന നിലയിലാണ് സഹല്‍ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാല്‍ സഹലിന്റെ ബൂട്ടില്‍നിന്ന് ഗോളുകളൊഴുകും. 

ഗോളടിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷറായി സഹല്‍ മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയാണ് സഹല്‍. ഛേത്രിക്ക് ശേഷം ഇന്ത്യയുടെ പ്രധാനതാരമായി സഹല്‍ മാറും.'' ബൂട്ടിയ പറഞ്ഞു. 

219ലെ കിംഗ്്‌സ് കപ്പിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ സഹല്‍, ഡ്രിബ്ലിങ് മികവിലൂടെയും പാസിങ് ഗെയിമിലൂടെയും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്, സുനില്‍ ഛേത്രി തുടങ്ങിയവരുടെ പ്രശംസ നേടിയിരുന്നു.