താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം അറിയുന്നത് പോലുമില്ലെ്ന്നാണ് ജാഫര്‍ പറയുന്നത്.

മുംബൈ: അടുത്തകാലത്ത് വലിയ പുരോഗതിയുണ്ടാക്കിയ താരമാണ് അക്‌സര്‍ പട്ടേല്‍. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ശരാശരി പ്രകടനമായിരുന്നു താരത്തിന്റെത്. എന്നാല്‍ വിക്കറ്റ് വീഴ്ച്ചയ്ക്ക് തടയിടാന്‍ അക്‌സറിന് സാധിച്ചിരുന്നു. മുമ്പും ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് അക്‌സര്‍. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ 31 പന്തില്‍ 65 റണ്‍സ് നേടിയ താരം ടീമിനെ വിജയിപ്പിക്കുന്നതിന് അടുത്തുവരെയെത്തി. ഇന്ത്യ അഞ്ചിന് 57 എന്ന നിലയില്‍ പരാജയഭീതിയില്‍ നില്‍ക്കുമ്പോഴാണ് അക്‌സര്‍ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ 16 റണ്‍സിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. 

ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം അറിയുന്നത് പോലുമില്ലെ്ന്നാണ് ജാഫര്‍ പറയുന്നത്. ജാഫറിന്റെ വാക്കുകള്‍... ''രവീന്ദ്ര ജഡേജയുടെ അഭാവം അറിയുന്നേ ഇല്ല. ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഭംഗിയായി കളിക്കുന്ന താരമാണ്. എന്നാല്‍ ജഡേജയിപ്പോള്‍ പരിക്കേറ്റ് പുറത്താണ്. ഇതിനിടെ നമുക്ക് അക്‌സര്‍ പട്ടേലിന്റെ മികച്ച പ്രകടനം കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ ജഡേജയെ കുറിച്ച് നമ്മളാരും അധികം സംസാരിക്കുന്നത് പോലുമില്ല. അത്രത്തോളം ഇംപാക്റ്റ് ഉണ്ടാക്കാന്‍ അക്‌സറിന് സാധിക്കുന്നുണ്ട്.'' ജാഫര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

''ഈ നിമിഷം ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സറാണെന്ന് പറയാന്‍ സാധിക്കും. ജഡേജയ്ക്ക് പകരം വയ്ക്കാന്‍ പറ്റിയ താരത്തെ ഇന്ത്യക്ക് ലഭിച്ചുവെന്നത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. അക്‌സറിന് പവര്‍ പ്ലേയില്‍ പന്തെറിയാന്‍ കഴിയും. ജഡേജ അത് ഇഷ്ടപ്പെടുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടറാവാന്‍ അക്‌സറിന് കഴിയും.'' ജാഫര്‍ വ്യക്തമാക്കി.

മത്സരം 16 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 190 റണ്‍സെടുക്കാനാണ് സാധിച്ചത്.

പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ശ്രീലങ്കക്കെതിരെ, മൂന്നാം ടി20ക്കുള്ള സാധ്യത ടീം; മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്