12 പന്തില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സഞ്ജുവിന് സാധിച്ചത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത് മറ്റൊരു കാരണമാണ്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമാായി ആരാധകര്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പരാജയമായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (3), ഇഷാന്‍ കിഷന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. മറ്റൊരു കാരണം സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജു ആറാമതായിട്ടാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാനായില്ലെന്ന് വിമര്‍ശനം ഉയരുന്നു. 

12 പന്തില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സഞ്ജുവിന് സാധിച്ചത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത് മറ്റൊരു കാരണമാണ്. അത് സഞ്ജുവിന്റെ റണ്ണൗട്ടോ, ടോപ് ഓര്‍ഡറിന്റെ പരാജയമോ അല്ല. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (19) വിക്കറ്റാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നാണ് ആകാശിന്റെ അഭിപ്രായം. 

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ആരായിരുന്നു മത്സരത്തിലെ താരം? ജേസണ്‍ ഹോള്‍ഡര്‍ക്കായിരുന്നു പുരസ്‌കാരം. അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചു. കാരണം ഹാര്‍ദിക്കിനെ കൃത്യ സമയത്ത് തന്നെ പുറത്താക്കാന്‍ ഹോള്‍ഡര്‍ക്കായി. അതുതന്നെയാണ് മത്സരത്തിന്റെ ഫലം മാറ്റിമറിച്ചത്. ഹാര്‍ദിക് ക്രീസിലുള്ളപ്പോള്‍ മത്സരം ഇന്ത്യയുടെ കയ്യിലായിരുന്നു. നാല് ഓവര്‍ ബാക്കി നില്‍ക്കെ ഒരോവറില്‍ 7.5 റണ്‍സെടുത്താല്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. ക്യാപ്റ്റനൊപ്പം സഞ്ജുവും ക്രീസിലുണ്ടായിരുന്നു. ഒരൊറ്റ ഓവര്‍ മത്സരം അനുകൂലമാക്കും. എന്നാല്‍ ഹോള്‍ഡര്‍ക്ക് മറ്റൊരു പദ്ധിതയുണ്ടായിരുന്നു.'' ആകാശ് വ്യക്തമാക്കി.

ടോപ് ഓര്‍ഡര്‍ താരമായ സഞ്ജു എങ്ങനെ ഫിനിഷറായി? ദ്രാവിഡിനേയും ഹാര്‍ദിക്കിനേയും പൊരിച്ച് ആരാധകര്‍

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.