ദില്ലി: ക്രിക്കറ്റ് കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോലും കോലിക്ക് സാധിച്ചില്ല. ന്യൂസിലന്‍ഡില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 11 ഇന്നിങ്‌സിസുകളിലാണ് കോലി കളിച്ചത്. എന്നാല്‍ 218 റണ്‍സ് മാത്രമാണ് കോലി സ്വന്തമാക്കിയത്. ടെസ്റ്റിലും ഏകദിനത്തിലും പൂര്‍ണ പരാജയമായിരുന്നു. മാത്രമല്ല പരമ്പര ഒന്നാകെ ഇന്ത്യ അടിയറവ് വെക്കുകയും ചെയ്തു. 

കോലിക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരു അതിലുണ്ടായിരുന്നു. എന്നാല്‍ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് സെവാഗ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''കോലി അനുഭവിക്കുന്നത് പോലെ മോശം സമയം എനിക്കും ഉണ്ടായിട്ടുണ്ട്. കോലി മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം കരിയറില്‍ ഇത്തരത്തില്‍ മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. 

സ്വതസിദ്ധമായ ശൈലിക്കു മാറ്റം വരുത്താതെതന്നെ അതിനെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇതുപോലെ മോശം അവസ്ഥകള്‍ വരുമ്പോള്‍ ക്ഷമ കാണിക്കുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യണം. കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ട്. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാന്‍ കോലിക്കു അനായാസം കഴിയുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സെവാഗ് പറഞ്ഞുനിര്‍ത്തി.