മുംബൈ: ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ഇനിയെങ്ങനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ചിന്ത. താരത്തിന് ഇനി ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫറിന്. ധോണിക്ക് ഇനിയും ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് ജാഫര്‍ പറയുന്നത്.

ധോണിയെ അവഗണിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിന് കഴിയില്ലെന്നാണ് ജാഫര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. അദ്ദേഹം തുടര്‍ന്നു.. ''കായികക്ഷമതയുടെ കാര്യത്തില്‍ കുഴപ്പമില്ലാതിരിക്കുകയും ധോണി ഫോം തെളിയിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ അവഗണിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. വിക്കറ്റിനു പിന്നിലും ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിലും ധോണിയുടെ പരിചയസമ്പത്തും മികവും ടീമിന് കരുത്താകും. രാഹുലിന്റെ സമ്മര്‍ദ്ദമകറ്റാന്‍ ധോണിയുടെ സാന്നിധ്യം സഹായിക്കും. ബാറ്റിങ് നിരയില്‍ ഒരു ഇടങ്കയ്യനെ വേണമെങ്കില്‍ ഋഷഭ് പന്തിനെ ധൈര്യമായി കളിപ്പിക്കുകയും ചെയ്യാം.'' ജാഫര്‍ പറഞ്ഞുനിര്‍ത്തി.

ഏകദിന ലോകകപ്പിനുശേഷം ദേശീയ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണി, ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീട്ടിവയ്ക്കുകയും റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തതോടെ, താരത്തിന്റെ മടങ്ങിവരവും സംശയത്തിലായി.