ദില്ലി: ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു അന്താരാഷ്ട്ര പരമ്പര കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ടി20യില്‍ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രമിയര്‍ ലീഗിന് ശേഷമാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചില താരങ്ങള്‍ക്കെല്ലാം ടീമില്‍ ഇടം ലഭിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ഇപ്പോള്‍ ഓസീസ് പിച്ചില്‍ മോശം പ്രകടനം പുറത്തെടുത്ത മൂന്ന് താരങ്ങളുടെ പേര് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

അതില്‍ ആദ്യത്തെ പേര് മറ്റാരുമല്ല മലയാളി താരം സഞ്ജു സാംസണാണ്. യുവതാരത്തെ കുറിച്ച് ചോപ്ര പറയുന്നതിങ്ങനെ.. ''നിലവില്‍ എനിക്ക് ഇഷ്ടപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് സഞ്ജു. അനായാസമായി പന്ത് ബൗണ്ടറി കടത്താന്‍ അവന് സാധിക്കും. മൂന്ന് മത്സരങ്ങളില്‍ അവന് കളിക്കാന്‍ അവസരം ലഭിച്ചിട്ടും തിളങ്ങാനായില്ല. വീണ്ടുമൊരു അവസരം ലഭിക്കുക പ്രയാസമാണ്.'' ചോപ്ര വ്യക്തമാക്കി. 

യൂസ്‌വേന്ദ്ര ചാഹലിനേയും ചോപ്ര രൂക്ഷമായി വിമര്‍ശിച്ചു. ''ആദ്യ രണ്ട് ഏകദിനത്തിലും അവന്‍ നിരാശപ്പെടുത്തി. എന്നാല്‍ ടി20യില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി വന്ന് മാന്‍ ഓഫ് ദ മാച്ചായി. എന്നാല്‍ അവസാന രണ്ട് ടി20യില്‍ നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ ചാഹല്‍ തിരിച്ചുവരും.

അതിനുള്ള കരുത്തും പരിചയസമ്പത്തും അവനുണ്ട്. ശ്രേയസിനേയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. വളരെയേറെ പ്രതീക്ഷയുള്ള താരമായിരുന്നു ശ്രേയസ്. ഐപിഎല്ലില്‍ മികച്ച ഫോമിലുമായിരുന്നു. എ്ന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ നിരാശപ്പെടുത്തി. വലിയ ഇന്നിങ്‌സുകള്‍ കളിക്കണമായിരുന്നു.'' ചോപ്ര പറഞ്ഞു.