ദില്ലി: ക്രിക്കറ്റിലെന്ന പോലെ സാമൂഹ്യ വിഷയങ്ങളിലും ഇടപെടാറുണ്ട് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇപ്പോള്‍ കമന്റേറ്ററായിട്ടാണ് ചോപ്ര ജോലി ചെയ്യുന്നത്. തന്‍െ യുട്യൂബ് ചാനലിലൂടെയാണ് മുന്‍താരം ചിന്തകള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ചോപ്ര. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ആഘോഷിച്ച ഇന്ത്യന്‍ ആരാധകരെയാണ് ചോപ്ര വിമര്‍ശിച്ചത്. 

തനിക്ക് കൊവിഡാണെന്ന് അഫ്രീദി പറഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തിനെ പരിഹസിച്ചിരുന്നു. മരിക്കണമെന്ന് പോലും ചിലര്‍ പറയുകയുണ്ടായി. ഇതിനെതിരെ കടുത്ത ഭാഷയിലാണ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പ്രതികരിച്ചത്. ''പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, ആരോ ഒരാള്‍ അത് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷയാണെന്ന തരത്തില്‍ യുട്യൂബില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം എന്നും രോഗിയായിരിക്കട്ടെ എന്നാണ് വീഡിയോയില്‍ പറഞ്ഞുവെക്കുന്നത്. സത്യത്തില്‍ നമ്മുടെയൊക്കെ മനുഷ്യത്വം എവിടെപ്പോയെന്ന് ഞാന്‍ ആശങ്കപ്പെടുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ സൈന്യത്തെയും അഫ്രീദി വിമര്‍ശിച്ചതിലൂടെ അദ്ദേഹം അഭിപ്രായം വ്യക്തമാക്കുകയാണ് ചെയ്തത്. അഫ്രീദി പറഞ്ഞതിനോട് ഒട്ടും യോജിക്കുന്നയാളല്ല ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല. ഒരാളുടെ മരണം ആഗ്രഹിക്കുന്ന തലത്തിലേക്ക് ആരും തരംതാഴരുത്.'' ചോപ്ര വ്യക്തമാക്കി.