ഓപ്പണര്‍മാരെ കുറിച്ചാണ് ജാഫര്‍ ആദ്യ സംസാരിച്ചത്. ''ഓപ്പണര്‍മാരില്‍ ഒരാള്‍ വലിയ സ്‌കോര്‍നേടിയത് ആശ്വസിക്കാവുന്ന കാര്യമാണ്. ഒരാള്‍ തിളങ്ങുന്നതോടെ പിന്നാലെ എത്തുന്നവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കും.

മുംബൈ: വിമര്‍ശനങ്ങളുടെ നടുക്കാണ് ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishabh Pant). ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലേറ്റ തോല്‍വി തന്നെ അതിന് കാരണം. 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ചിട്ടും ടീമിനെ ജയിപ്പിക്കാനായില്ല. പന്തിന്റെ മോശം തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായി പുറയുന്നവരുണ്ട്. ഏഴ് വിക്കറ്റിന്റെ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. എന്നാല്‍, മുന്‍ ഇന്ത്യന്‍ വസിം ജാഫര്‍ (Wasim Jaffer) പോസിറ്റീവായിട്ടാണ് തോല്‍വിയെ കാണുന്നത്.

ഓപ്പണര്‍മാരെ കുറിച്ചാണ് ജാഫര്‍ ആദ്യ സംസാരിച്ചത്. ''ഓപ്പണര്‍മാരില്‍ ഒരാള്‍ വലിയ സ്‌കോര്‍നേടിയത് ആശ്വസിക്കാവുന്ന കാര്യമാണ്. ഒരാള്‍ തിളങ്ങുന്നതോടെ പിന്നാലെ എത്തുന്നവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കും. ഈ മത്സരത്തില്‍ അത്തരത്തില്‍ സംഭവിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്്മാന്മാര്‍ നേരിട്ടതും മനോഹരമായിരുന്നു. സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയാണ് ഇന്ത്യ ചെയ്തത്. സ്പിന്നര്‍മാര്‍ ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീഷണിയായില്ല.'' ജാഫര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളുടെ ഫിനിഷിംഗ് മികവിനേയും ജാഫര്‍ പ്രകീര്‍ത്തിച്ചു. ''ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ആഞ്ഞടിച്ച് കളിച്ചതാണ് ടീമിനെ 200 കടത്തിയത്. ഫിനിഷര്‍മാരെന്ന നിലയില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ രണ്ട് പേര്‍ക്കുമായി.'' ജാഫര്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് റണ്‍ചേസാണ് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3. ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. 

ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച നടക്കും.