ചെന്നൈ: മുഹമ്മദ് കൈഫിന് പിന്നാലെ എം എസ് ധോണിക്ക് പിന്തുണയുമായി മുന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. വെറ്ററന്‍ വിക്കറ്റ് കീപ്പറായ ധോണി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നാണ് ബാലാജി പറയുന്നത്. ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്ലിലൂടെ മത്സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി.

ഇതിനിടെയാണ് ബാലാജിയുടെ വാക്കുകള്‍. ടീം ഇന്ത്യക്ക് ഇനിയും ധോണിയുടെ സേവനം ആവശ്യമുണ്ടെന്നാണ് ബാലാജി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കണം. സെലക്റ്റര്‍മാരാണ് ധോണി ടീമില്‍ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. വലിയ ടൂര്‍ണമെന്റുകളില്‍ ധോണി വേണമെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. ഫിനിഷിങ്ങിനെ മികവ് മാത്രമല്ല, ധോണിയില്‍ നിന്ന് പലതും ഇന്ത്യക്ക് ലഭിക്കും. വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ തല്‍ക്കാലത്തേക്കെന്ന രീതിയില്‍ കളിക്കാരെ പരീക്ഷിക്കാന്‍ സാധിക്കില്ല.'' ബാലാജി പറഞ്ഞുനിര്‍ത്തി.

നേരത്തെ കൈഫും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല.  ഐപിഎല്ലിനു വേണ്ടി മികച്ച തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു ധോണി.