മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വീണ്ടും രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരസ്യമായി ശാസ്ത്രിയെ പിന്താങ്ങുകയും ചെയ്തിരുന്നു. മത്സരം നടക്കുന്നത് മറ്റു വകുപ്പുകളിലാണ്. ബൗളിങ്, ഫീല്‍ഡിങ് പരിശീലകന്‍ ആരാവുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

അതിനിടെ ബൗളിങ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിങ് കോച്ച്കൂടിയാണ് പ്രസാദ്. 162 ഏകദിനങ്ങള്‍ ഇന്ത്യക്കായി കളിച്ച പ്രസാദ് 33 തവണ ടെസ്റ്റ് ജേഴ്‌സിയും അണിഞ്ഞു.

ഇന്ത്യന്‍ ടീമിനെ കൂടാതെ ഐപിഎല്‍ ടീമുകളേയും പ്രസാദ് പരിശീലിപ്പിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളേയും പ്രസാദ് സഹായിച്ചിട്ടുണ്ട്.