ഇരുവരും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരുകാലത്ത് ഭാവിയിലെ കോലിയെന്ന് വിലയിരുത്തപ്പെട്ട താരമാണ് ഉന്‍മുക്ത്. എന്നാല്‍ അണ്ടര്‍ 19 തലത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഉന്‍മുക്തിന് സാധിച്ചില്ല.

ബംഗളൂരു: വിരാട് കോലിക്ക് (Virat Kohli) ശേഷം ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനായിരുന്നു ഉന്‍മുക്ത് ചന്ദ് (Unmukt Chand). 2008ലാണ് കോലിക്ക് കീഴില്‍ ഇന്ത്യ (India U19) ചാംപ്യന്മാരായത്. പിന്നാലെ 2012ല്‍ ഉന്‍മുക്തിന് കീഴിലും കിരീടമുയര്‍ത്തി. ഇരുവരും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരുകാലത്ത് ഭാവിയിലെ കോലിയെന്ന് വിലയിരുത്തപ്പെട്ട താരമാണ് ഉന്‍മുക്ത്. എന്നാല്‍ അണ്ടര്‍ 19 തലത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഉന്‍മുക്തിന് സാധിച്ചില്ല.

ഇതിന്റെ കാരണം പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ നിഖില്‍ ചോപ്ര. കഴിവുണ്ടായിട്ടും അത് പൂര്‍ത്തികരിക്കാന്‍ കഴിയാതെ പോയ താരമാണ് ഉന്‍മുക്ത് എന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അണ്ടര്‍ 19 തലത്തില്‍ നിന്ന് രഞ്ജി ട്രോഫിയിലേക്കുള്ള മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കൗമാര ക്രിക്കറ്റില്‍ നിന്ന് ഉയര്‍ന്ന തലത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ചെയ്യുന്നത്. അണ്ടര്‍ 19 തലം അവിടെ അവസാനിച്ചു. പിന്നീട് ചെയ്യേണ്ടത് അണ്ടര്‍ 19യിലെ പ്രകടനം രഞ്ജി ട്രോഫിയിലും പുറത്തെടുക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം കോലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിച്ചു. അവിടെയും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. 

എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയ ശേഷം മോശം ഫോമിനെ തുടര്‍ന്ന് ഒരു തവണ പുറത്താക്കപ്പെട്ടു. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച് അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തി. ഉന്‍മുക്തിനാവട്ടെ അണ്ടര്‍ 19യിലെ പ്രകടനം രഞ്ജി ട്രോഫിയില്‍ ആവര്‍ത്തിക്കാനായില്ല. കഴിവുള്ള താരമായിരുന്നു അവന്‍. എന്നാല്‍ കഴിവിനൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിഞ്ഞെടുക്കപ്പെടണമെങ്കില്‍ നിങ്ങള്‍ മറ്റാരേക്കാളും മീതെയാണെന്ന് തെളിയിക്കണം.'' ചോപ്ര പറഞ്ഞുനിര്‍ത്തി. 

നിലവില്‍ ലോകത്തെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ കോലിയുടെ പേരുണ്ട്. ഏഴ് വര്‍ഷം അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനായി. ഉന്‍മുക്താവട്ടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. യുഎസിലേക്ക് ചേക്കേറിയ താരം അമേരിക്കയില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ബിഗ് ബാഷിലും ഉന്‍മുക്ത് കളിക്കുകയുണ്ടായി. എന്നാല്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്.