ഇക്കാര്യത്തിന്റെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. രോഹിത് തന്നെ ടീമിനെ നയിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി മറക്കാം. ഇനി പരമ്പരകളുടെ കാലമാണ്. ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇനി വരാനുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന-ടി20 പരമ്പരയും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുമാണ്. ഇനി ടി20 ലോകകപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റ്. ലോകപ്പില്‍ ആര് നയിക്കണമെന്ന ചര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ട്. 

ഇക്കാര്യത്തിന്റെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. രോഹിത് തന്നെ ടീമിനെ നയിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സഹീറിന്റെ വാക്കുകള്‍... ''ഏകദിന ലോകകപ്പ് ഫൈനലില്‍ കാലിടറിയെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഒറ്റ തോല്‍വി പോലും അറിയാതെയാണ് ടീം ഫൈനലിലെത്തിയത്. ആറ് മാസത്തിനപ്പുറം നടക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശര്‍മ തന്നെയാണ്. രോഹിതിന്റെ പരിചയ സമ്പത്ത് ലോകകപ്പില്‍ നിര്‍ണായകമാണ്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഇന്ത്യക്ക് വേണ്ടത് പരിചയ സമ്പന്നനായ നായകനെയാണ്. രോഹിത്താണ് അതിന് പ്രാപ്തന്‍.'' സഹീര്‍ വ്യക്തമാക്കി. 

ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള രോഹിതിന്റെ അഭാവത്തില്‍ സൂര്യ കുമാര്‍ യാദവാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20യില്‍ ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലും രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹം വിശ്രമം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം നടക്കുന്ന ടി20 ടൂര്‍ണമെന്റുകളില്‍ രോഹിത് തിരിച്ചെത്തിയേക്കും.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ഫിഫ റാങ്കിംഗില്‍ ബ്രസീലിന് കനത്ത തിരിച്ചടി! അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി; ഇംഗ്ലണ്ട് ആദ്യ അഞ്ചില്‍