ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് സീനിയര്‍ താരം രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം അദ്ദേഹം ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. പിന്നാലെ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ടീമിനൊപ്പം ചേരുകയായിരുന്നു. രോഹിത് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരുന്നു. മൂന്നാം ടെസ്റ്റില്‍ രോഹിത്ത് കളിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. 

ഇതിനിടെ രോഹിത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. മൂന്നാം ടെസ്റ്റിന് മുമ്പ് ഓസീസ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ താരം കടുത്ത പരിശീലനം നടത്തേണ്ടി വരുമെന്നാണ് ഓജ പറയുന്നത്. ''കഴിഞ്ഞ 14 ദിവസം ക്വാറന്റൈനിലായിരുന്നു രോഹിത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലെ സാഹചര്യവുമായി പരിചയപ്പെടാന്‍ അദ്ദേഹം കഠിന പരിശീലനം നടത്തേണ്ടിയിരിക്കുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ട്രെയ്‌നിംഗ് കടുത്തതായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കിയത്. 

രോഹിത്തിന്റെ ശരീരം അത് വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ സമയത്ത് അദ്ദേഹത്തിന്റെ ശരീരഭാരം കൂടുതലാണെന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍ എന്‍സിഎയിലെ പരിശീലനത്തിന് ശേഷം താരം ഫിറ്റായെന്നാണ് എനിക്ക് തോന്നിയത്. ഇനി ഓസ്‌ട്രേലിയയിലെ സാഹചര്യവുമായി ഇണങ്ങുകയാണ് വേണ്ടത്. അതിന് കഠിന പരിശീലനം നടത്തണം.'' ഓജ പറഞ്ഞു.

ജനുവരി ഏഴ് മുതല്‍ സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. എന്നാല്‍ ടീം ഇപ്പോഴും മെല്‍ബണിലാണ്. 31ന് സിഡ്‌നിയില്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം യാത്രാപദ്ധതികളില്‍ മാറ്റം വരുത്തുകയായിരുന്നു.