വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണത്തിൽ വമ്പൻ ട്വിസ്റ്റുകൾ. ചാണ്ടി ഉമ്മനെപ്പോലുള്ള പ്രമുഖർ പുറത്തായപ്പോൾ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവർ അപ്രതീക്ഷിതമായി പട്ടികയിൽ ഇടംപിടിച്ചു. ഇത് കോൺഗ്രസിലെ കെസി പക്ഷത്തിന്‍റെ സ്വാധീനം വ്യക്തമാക്കുന്നു

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റുകളും സർപ്രൈസുകളും. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്‍റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ആദ്യ ഘട്ടം മുതലേ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മൻ പട്ടികയിൽ നിന്ന് പുറത്തായതായാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. മന്ത്രിമാരുടെ പട്ടികയിൽ കെ സി പക്ഷം പിടിമുറുക്കിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.

Add Asianetnews as a Preferred SourcegooglePreferred

മന്ത്രിമാരുടെ അന്തിമ പട്ടിക?

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പും തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ കെ മുരളീധരന് ആരോഗ്യ വകുപ്പെന്നാണ് ആദ്യം പുറത്തുവന്ന വാർത്തയെങ്കിൽ ഇപ്പോൾ വൈദ്യുത വകുപ്പെന്നാണ് വിവരം. എ പി അനിൽകുമാറിന് ടൂറിസം വകുപ്പ് കിട്ടും , ചിലപ്പോൾ എക്സൈസ് കൂടി നൽകിയേക്കും. പി സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും.