ദില്ലി: വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ താരമായ പ്രദീപ് സംഗ്‌വാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നെറ്റ് ബൗളറായി യുഎഇയിലേക്ക് പോകും. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും മുംബൈ ഇന്ത്യന്‍സിനും ഗുജറാത്ത് ലയണ്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമെല്ലാം കളിച്ചിട്ടുള്ള താരമാണ് സംഗ്‌വാന്‍. ആദ്യ ഐപിഎല്‍ ലേലത്തില്‍ വിരാട് കോലിക്ക് പകരം പ്രദീപ് സംഗ്‌വാനെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെടുത്തത്. ഐപിഎല്‍ താരലേലത്തില്‍ ഒറു ടീം സ്വന്തമാക്കുന്ന ആദ്യ അണ്ടര്‍ 19 താരം കൂടിയായിരുന്നു സംഗ്‌വാന്‍.

ആദ്യ ഐപിഎല്ലില്‍ ഗ്ലെന്‍ മക്‌ഗ്രാത്തിനും മുഹമ്മദ് ആസിഫിനുമൊപ്പം ഡല്‍ഹിക്കായി പന്തെറിഞ്ഞ 29കാരനായ സംഗ്‌വാന്‍ 2011 എഡിഷനില്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചു. 2018ലെ താരലേലത്തില്‍ 1.5 കോടി രൂപ നല്‍കി മുംബൈ ഇന്ത്യന്‍സ് സംഗ്‌വാനെ സ്വന്തമാക്കിയിരുന്നു. 2008ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ഇടംകൈയന്‍ പേസറായിരുന്ന സംഗ്‌വാന്‍. ലോകകപ്പില്‍ എട്ടു വിക്കറ്റെടുത്ത സംഗ്‌വാന്റെ പ്രകടനം ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 44 റണ്‍സ് വഴങ്ങി സംഗ്‌വാന്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു.

എന്നാല്‍ 2013ല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട സംഗ്‌വാന് വിലക്ക് നേരിടേണ്ടിവന്നു. തിരിച്ചുവരവില്‍ ഫോമില്ലായ്മയും അടിക്കടിയുണ്ടായ പരിക്കും സംഗ്‌വാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. ഇതുവരെ കളിച്ച 39 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റ് മാത്രമാണ് സംഗ്‌വാന് നേടാനായത്. 2009ലെ ഐപിഎല്ലില്‍ 13 കളികളില്‍ 15 വിക്കറ്റെടുത്തതായിരുന്നു സംഗ്‌വാന്റെ മികച്ച നേട്ടം. സംഗ്‌വാന് പുറമെ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള പവന്‍ സൂയലും ഡല്‍ഹിയുടെ അഞ്ച് നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ട്.