ഇന്ത്യൻ ടീം ഞങ്ങളെ ഇല്ലാതാക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഏതാണ്ട് വിജയത്തിന് അരികിലെത്താൻ നമുക്കായി.

സാനോ (ജപ്പാൻ): ലോക ചാമ്പ്യൻമാരായ ഇന്ത്യക്കെതിരായ ടി20 മത്സരത്തിൽ ജപ്പാൻ ടീം കാഴ്ചവെച്ച വീരോചിത പ്രകടനത്തെ അഭിനന്ദിച്ച് ജപ്പാനിലെ രാഷ്ട്രീയനേതാവും മുൻ മന്ത്രിയുമായ താരോ കോനോ. കരുത്തുറ്റ ഇന്ത്യൻ ടീം ജപ്പാനെ അനായാസം കൊന്ന് കൊലവിളിക്കുമെന്നാണ് താൻ കരുതിയതെന്നും, എന്നാൽ അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ കൈയെത്തും ദൂരത്താണ് ജപ്പാന് വിജയം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഒളിമ്പിക്‌സിൽ ക്രിക്കറ്റിൽ ജപ്പാന് മെഡൽ പ്രതീക്ഷയുണ്ടെന്നും താരോ കോനോ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീം ഞങ്ങളെ ഇല്ലാതാക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഏതാണ്ട് വിജയത്തിന് അരികിലെത്താൻ നമുക്കായി. ജപ്പാനിൽ കൂടുതൽ ആളുകൾ ക്രിക്കറ്റിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഒളിമ്പിക്‌സിലും ക്രിക്കറ്റ് ഉള്ളതിനാൽ നമ്മുടെ ടീമിന് മെഡൽ നേടാനാകുമെന്ന പ്രതീക്ഷയുണ്ട്,താരോ കോനോ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മഴമൂലം 5 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലോക റാങ്കിംഗിൽ 41-ാം സ്ഥാനക്കാരായ ജപ്പാനെതിരെ ഇന്ത്യ രണ്ട് റൺസിന്‍റെ നേരിയ ജയമാണ് നേടിയത്. സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്ലോ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32/4 റൺസിലൊതുക്കാൻ ജാപ്പനീസ് സ്പിന്നർമാർക്ക് സാധിച്ചു. ചാർലി ഹാരാ ഹിൻസെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ ഡക്കാക്കി മടക്കിയപ്പോൾ, ഇബ്രാഹിം തകാഹാഷി മലയാളി താരം സഞ്ജു സാംസണിനെയും (10) ബെഞ്ചമിൻ ഇറ്റോ-ഡേവിസ് ഇഷാൻ കിഷനെയും പുറത്താക്കി. 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ജപ്പാൻ ശക്തമായി പൊരുതിയെങ്കിലും അവസാന ഓവറിൽ അക്‌സർ പട്ടേലിന്‍റെ മികച്ച ബൗളിംഗ് പ്രകടനം ഇന്ത്യക്ക് രക്ഷയായി. ജപ്പാന്‍റെ ഇന്നിങ്സ് 30/3 റൺസിൽ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക