ബിഗ് ബാഷ് ലീഗിലെ മോശം ഫോമിനും 'റിട്ടയേര്‍ഡ് ഔട്ട്' ആകേണ്ടി വന്നതിനും പിന്നാലെ മുഹമ്മദ് റിസ്വാന്‍ ടൂര്‍ണമെന്റ് വിട്ട് പാകിസ്ഥാനിലേക്ക് മടങ്ങണമെന്ന് മുന്‍ താരം കമ്രാന്‍ അക്മല്‍.

ഇസ്ലാമാബാദ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ കളിക്കുന്നത് നിര്‍ത്തി മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാനിലേക്ക് മടങ്ങണമെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. റിസ്വാന്‍ മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം മറക്കാന്‍ ആഗ്രഹിക്കുന്ന സീസണിലൂടെയാണ് കടന്നുപോകുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 20.87 ശരാശരിയിലും 101.82 സ്‌ട്രൈക്ക് റേറ്റിലും 167 റണ്‍സാണ് റിസ്‌വാന് ഇതുവരെ നേടാനായത്.

സിഡ്നി തണ്ടറിനെതിരായ മത്സരത്തില്‍ 23 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയതിന് ശേഷം 33 കാരനായ റിസ്‌വാനോട് റിട്ടയേര്‍ഡ് ഔട്ടാകാന്‍ ആവശ്യപ്പെട്ടിരുന്നു. ടീം മാനേജ്മെന്റ് എടുത്ത തീരുമാനത്തെത്തുടര്‍ന്ന്, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായി. അതിന് പിന്നാലെയാണ് അക്മലിന്റെ പരാമര്‍ശം.

പാക് മുന്‍ വിക്കറ്റ് കീപ്പര്‍ പറയുന്നതിങ്ങനെ... ''ബാബര്‍ അസമും റിസ്‌വാനും അവരുടെ സ്‌ട്രൈക്ക് റേറ്റ് എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ഞാന്‍ മുമ്പും സംസാരിച്ചിട്ടുണ്ട്. റിസ്‌വാനോട് റിട്ടയേര്‍ഡ് ഔട്ടാകാന്‍ പറഞ്ഞതോടെ അദ്ദേഹം പരിഹാസത്തിന് ഇരയായി. റിസ്‌വാന്‍ ബിഗ് ബാഷ് ലീഗ് വിട്ട് നാട്ടിലേക്ക് മടങ്ങണമെന്ന് പലരും പറയുന്നു. ഐപിഎല്‍ ആദ്യ സീസണില്‍, രാജസ്ഥാന്‍ റോയല്‍സിനായി ഞങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ യൂനിസ് ഖാനെ ബെഞ്ചിലിരുത്തിയിരുന്നു. അന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനോട് ഞാന്‍ പാകിസ്ഥാന്റെ ക്യാപ്റ്റനാണ്, ബെഞ്ചില്‍ ഇരിക്കില്ലെന്നും നിങ്ങള്‍ എന്നെ ബഹുമാനത്തോടെ തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാര്‍ അങ്ങനെ സ്വയം നിലകൊള്ളുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.'' അക്മല്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''റിസ്‌വാന്റെ കാര്യത്തില്‍ അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം പാകിസ്ഥാന്റെ മികച്ച താരമാണ്. എന്നിരുന്നാലും, ഇത്തരം ടി20 ലീഗുകള്‍ എത്ര വേഗത്തിലാണെന്ന് അവര്‍ മനസിലാക്കണം. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ക്രിക്കറ്റിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരാശരിക്ക് മുകളിലുള്ള പ്രകടനം നടത്താന്‍ ശേഷിയുള്ള താരങ്ങള്‍ എല്ലാ ടീമിലുമുണ്ട്. അതിനനുസരിച്ച് താരങ്ങള്‍ സ്വയം വളരേണ്ടതുണ്ട്.'' അക്മല്‍ കൂട്ടിചേര്‍ത്തു.

YouTube video player