പാക്കിസ്താന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം പാക്കിസ്താന്‍ ആലോചിക്കേണ്ടിവരുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി പറഞ്ഞിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്താനിലേക്കില്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് ഇന്ത്യ വിട്ടുനില്‍ക്കുന്നത്. വേദിമാറ്റണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ പാക്കിസ്താന്‍ വേദി മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതിനിടെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാലിപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക്കിസ്താന്‍ താരം ഷാഹിദ് അഫ്രീദി.

ഇന്ത്യന്‍ ടീം പപാക്കിസ്താനിലേക്ക് വരണമെന്നാണ് അഫ്രീദി പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ബിസിസിഐ ശക്തമായ ക്രിക്കറ്റ് ബോര്‍ഡാണെന്നുള്ളതില്‍ തര്‍ക്കമില്ല. അതുകൊണ്ട് അവര്‍ക്ക് ഉത്തരവാദിത്തങ്ങളുമുണ്ട്. കൂടുതല്‍ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. ശത്രുക്കളെ ഉണ്ടാക്കരുത്. കൂടുതല്‍ സൗഹൃദമുണ്ടാവുമ്പോള്‍ കൂടുതല്‍ ശക്തരാവും. ഇന്ത്യ, പാക്കിസ്താനില്‍ വന്നാല്‍ നന്നായിരിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വഴക്കുകളില്‍ താല്‍പര്യമുള്ള തലമുറയല്ല ഇപ്പോഴത്തേത്. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടായി ഇതിനെ കാണണം. നിലവില്‍ പാക്കിസ്താന്‍ സുരക്ഷിതമാണ്. നിരവധി രാജ്യങ്ങള്‍ അടുത്തിടെ പാക്കിസ്താനില്‍ പര്യടനത്തിനായെത്തി. ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ക്കും സുരക്ഷാഭീഷണിയുണ്ടെന്ന് ഓര്‍ക്കണം.'' അഫ്രീദി പറഞ്ഞു. 

പാക്കിസ്താന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം പാക്കിസ്താന്‍ ആലോചിക്കേണ്ടിവരുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി പറഞ്ഞിരുന്നു. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യന്‍ ടീമിന് മാത്രമായി പാക്കിസ്താനിലുള്ളതെന്നും സേഥി ചോദിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്താനില്‍ നടക്കേണ്ട ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2025ല്‍ പാക്കിസ്താന്‍ വേദിയാവുന്ന ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ ബഹിഷ്‌കരിക്കാനാണ് സാധ്യത.

ഓസീസിനെതിരായ മൂന്നാം ഏകദിനം: രോഹിത്തിനും സംഘത്തിനും നിര്‍ണായകം! ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പ്- സാധ്യതാ ഇലവന്‍