സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരെ ഏകദിന ടീമിലേക്ക് വിളിക്കാമായിരുന്നുവെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. ഏകദിന ടീമിന് ഇരുവരും മുതല്‍കൂട്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇസ്ലാമാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കുകയായിരുന്നു. ലോകകപ്പിനുള്ള ടീം സെലക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ കൡച്ചത്. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ വിമര്‍ശനങ്ങളുടെ ഭാഗമായിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. മറ്റു സീനിയര്‍ താരങ്ങളെ പര്യടനത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ബട്ട് പറയുന്നത്.
സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരെ ഏകദിന ടീമിലേക്ക് വിളിക്കാമായിരുന്നുവെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. ഏകദിന ടീമിന് ഇരുവരും മുതല്‍കൂട്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്. സല്‍മാന്റെ വാക്കുകള്‍... ''രഹാനെ ഒരു മികച്ച ഓപ്ഷനായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്കായി. മാത്രമല്ല, ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവും നടത്തി. ആറാം നമ്പറില്‍ ഒരു പരിചയസമ്പന്നനായ ബാറ്ററെയാണ് ഇന്ത്യക്ക് വേണ്ടത്. രഹാനെ അതിന് അനുയോജ്യനാണ്.
കെ എല്‍ രാഹുലും. ടോപ് ഓര്‍ഡറില്‍ ശിഖര്‍ ധവാനേയും കൊണ്ടുവരാമായിരുന്നു. ധവാനേക്കാള്‍ മികച്ച ഇടങ്കയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററെ ഞാന്‍ ഇന്ത്യന്‍ ടീമില്‍ കണ്ടിട്ടില്ല. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഒരിക്കലും ഇന്ത്യക്ക് ഗുണം ചെയ്യില്ല. അതും ലോകകപ്പ് അടുത്തെത്തിയിരിക്കെ. ലോകകപ്പ് കളിക്കേണ്ട 15 താരങ്ങളെ ഇന്ത്യ കണ്ടെത്തേണ്ട സമയമാണിത്.'' സല്‍മാന്‍ ബട്ട് വ്യക്താക്കി.
ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് തിരിച്ചടിച്ചു. മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ, ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

