അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കാന്‍ പോവുന്നത്. ടിവി സംപ്രേക്ഷണത്തിനൊപ്പം ഡിജിറ്റല്‍ സംപ്രേക്ഷണത്തിനും കടുത്ത മത്സരം ഉറപ്പ്.

മുംബൈ: ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശത്തിന് ടിവി സംപ്രേക്ഷണാവകാശത്തെക്കാള്‍ ഉയര്‍ന്ന തുക നിശ്ചയിച്ച് ബിസിസിഐ. ഒരു മത്സരം സംപ്രേക്ഷണം ചെയ്യാന്‍ ഡിജിറ്റലിന് 25 കോടിയും ടിവിയ്ക്ക് 20 കോടിയുമാണ് അടിസ്ഥാന വില. സംപ്രേക്ഷണാകവകാശത്തിനുള്ള ലേലം ഈ മാസം അവസാനം നടക്കാനിരിക്കെയാണ് അടിസ്ഥാന വില വിവരം ബിസിസിഐ പുറത്ത് വിട്ടത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കാന്‍ പോവുന്നത്. ടിവി സംപ്രേക്ഷണത്തിനൊപ്പം ഡിജിറ്റല്‍ സംപ്രേക്ഷണത്തിനും കടുത്ത മത്സരം ഉറപ്പ്. ചരിത്രം തിരുത്തി ഡിജിറ്റല്‍ സംപ്രേക്ഷണത്തിനുള്ള അടിസ്ഥാന വില ടിവിയെക്കാള്‍ മുകളില്‍. രണ്ടും ചേര്‍ത്ത് 45 കോടിയാണ് ആകെ അടിസ്ഥാന തുകയായി നിശ്ചയിച്ചത്. 2018-23 സീസണിലേക്ക് ഒരു മത്സരത്തിന് 61 കോടി എന്ന നിരക്കിലാണ് ഡിസ്‌നി സ്റ്റാര്‍ ലേലം വിജയിച്ചത്.

6138 കോടി രൂപയാണ് ബിസിസിഐയ്ക്ക് ആകെ ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ അടിസ്ഥാന വില കുറവാണെങ്കിലും ഇത്തവണ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് കണക്ക് കൂട്ടല്‍. മത്സരമൊന്നിന് ആകെ തുക 60 കോടിയെങ്കിലും ലഭിച്ചില്ലെങ്കില്‍ ലേല നടപടികള്‍ റദ്ദാക്കാനുള്ള ഉപാധിയും ഉണ്ട്. 88 മത്സരങ്ങളാണ് ആകെയുള്ളത്. ചുരുങ്ങിയത് 3,960 കോടിയെങ്കിലും ലേലം തുടങ്ങുമ്പോള്‍ തന്നെ ഉറപ്പാണ്. സ്റ്റാര്‍ ആന്റ് ഡിസ്‌നി, സോണി ചിക്‌സേഴ്‌സ്, വയാ കോം 18 എന്നിവര്‍ തമ്മിലാവും കടുത്ത മത്സരം. ഓഗസ്റ്റ് 31നാണ് ലേലം.

ഈ സാലാ കപ്പ് നമ്‌ദെ! ആര്‍സിബിക്ക് കപ്പ് വേണം; പരിശീലകനായി ആന്‍ഡി ഫ്‌ളവര്‍ വരുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയില്‍

അതേസമയം, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈനായി പേടിഎം, ബുക്ക്മൈഷോ എന്നിവ വഴി നടത്തും. ഓഗസ്റ്റ് 10ന് ക്രിക്കറ്റ് മാമാങ്കത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിക്കും. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ലോകകപ്പിലെ പാതി മത്സരങ്ങളുടെ വീതം ടിക്കറ്റ് വില്‍പനയാണ് ഇരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും നല്‍കുക.