പാകിസ്ഥാന്റെ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ബാസിത് അലി.
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ മാത്രമാണ് ഇനി ടീമിനെ പ്രഖ്യാപിക്കാനുള്ളത്. ഏറ്റവും അവസാനം ഇന്ത്യയാണ് ടീം പ്രഖ്യാപിച്ചത്. ഫെബ്രുവരി 11-നകം എല്ലാ ടീമുകള്‍ക്കും അവരുടെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അതിനാല്‍ സാങ്കേതികമായി, പാകിസ്ഥാന് അവരുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനിയും സമയമുണ്ട്. പക്ഷേ എന്തിനാണ് ഇത്ര കാലതാമസമെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. പിസിബിയില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ഇപ്പോള്‍ പാകിസ്ഥാന്റെ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ബാസിത് അലി. ''ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ലാത്ത പാകിസ്ഥാന് എന്താണ് സംഭവിച്ചത്? പാകിസ്ഥാന്‍ അവരുടെ ടീമിനെ പ്രഖ്യാപിക്കാന്‍ ഭയപ്പെടുന്നുണ്ടോ? ഏറ്റവും വലിയ പ്രശ്‌നം സയിം അയൂബ് ആണ്. താരത്തിന് ഫിറ്റായി തിരിച്ചെത്താനാകുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല.'' ബാസിത് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ വെറും 9 ഏകദിനങ്ങളില്‍ നിന്ന് 515 റണ്‍സാണ് അയൂബ് നേടിയത്.
ബാസിത് തുടര്‍ന്നു... ''പാകിസ്ഥാന്റെ പ്രശ്‌നം അവരുടെ മധ്യനിരയാണ്. കാരണം അവര്‍ക്ക് 140 കിലോമീറ്റര്‍ വേഗതയുള്ള ഫാസ്റ്റ് ബൗളര്‍മാരെ നേരിടേണ്ടിവരും. ഇപ്പോള്‍, പാക്കിസ്ഥാന്റെ അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ വിചിത്രമായിട്ടാണ് തോന്നുന്നത്.'' അദ്ദേഹം വ്യക്തമാക്കി.
പാക് ടീമില്‍ ബാറ്റര്‍മാരായി മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, സല്‍മാന്‍ അഗ, തയ്യബ് താഹിര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. പേസര്‍മാരായി ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍ എന്നിവരും ഉള്‍പ്പെടും. സയിം ഫിറ്റാണെങ്കില്‍ സെയ്മും ഫഖര്‍ സമാനുമാണ് മികച്ച ഓപ്പണിംഗ് കോമ്പിനേഷനെന്നും സെയ്മിന് സാധിച്ചില്ലെങ്കില്‍ ഷാന്‍ മസൂദ് കളിക്കണമെന്നും ബാസിത് വ്യക്തമാക്കി.

