കറാച്ചി: ക്രിക്കറ്റില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണ് സ്ലെഡ്ജിങ്. എതിര്‍താരത്തെ പ്രകോപിപ്പിച്ച് ഏകാഗ്രത നഷ്ടപ്പെടുത്തി വിക്കറ്റ് നേടുകയാണ് സ്ലെഡ്ജിങ്ങിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി പയറ്റുന്ന തന്ത്രമായിരുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളാണ് സ്ലെഡ്ജിങ്ങിന് പേരു കേട്ടവര്‍. ഇ്‌പ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളിലെ സ്ലെഡ്ജിങിനെക്കുറിച്ച് ചില മുന്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി.

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്ത താരം മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയാണെന്നാണ് ബാസിത് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''മോംഗിയ വലിയ ശല്യമായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ട പലതും പറഞ്ഞ് മോംഗിയ കളിയാക്കിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായി മോംഗിയ പാകിസ്താനിലെത്തിയപ്പോള്‍ താന്‍ വളരെ നിഷ്‌കളങ്കനായിരുന്നു. അജയ് ജഡേജയും വ്യത്യസ്തനല്ലായിരുന്നു. തുറന്നടിച്ചു തന്നെ പലതും അദ്ദേഹം പറയുമായിരുന്നു. കളിക്കിടെ ഒരുപാട് തവണ ജഡേജ അധിക്ഷേപിച്ചിട്ടുണ്ട്. 

മത്സരത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഇന്‍സിയും ഞാനും റഷീദ് ലത്തീഫും വഖാര്‍ യൂനിസും  ജഡേജയെ കൈകാര്യം ചെയ്യാറുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ലെഡ്ജിങ് ഏറ്റുവാങ്ങിത് വിനോദ് കാംബ്ലിയും നവ്ജ്യോത് സിങ് സിദ്ധുവായിരുന്നു. ഇരുവരെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. കളി കഴിഞ്ഞാല്‍ രണ്ടു പേരുടെയും കണ്ണില്‍പ്പെടാതെ ഒളിച്ചുനടന്നിട്ടുണ്ട്.'' മുന്‍ താരം പറഞ്ഞു. 

എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും മുഹമ്മദ് അസറുദ്ദീനേയും ബഹുമാനിച്ചിരുന്നുവെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. ''സച്ചിനേയും അസറിനേയും മാത്രമെ സ്ലെഡ്ജ് ചെയ്യാതിരുന്നിട്ടുള്ളു. ഇരുവരെയും സ്ലെഡ്ജ് ചെയ്യാന്‍ ആര്‍ക്കും തന്നെ ധൈര്യം ഇല്ലായിരുന്നുവെന്നതാണ് കാരണം. വേറെ ആരെ വേണമെങ്കിലും ചെയ്യാം, എന്നാല്‍ ഇരുവര്‍ക്കുമെതിരെ സംസാരിക്കാന്‍ മടി കാണിച്ചിരുന്നു.'' ബാസിത് പറഞ്ഞുനിര്‍ത്തി.