സമീപകാല മത്സരങ്ങളിൽ പാകിസ്ഥാൻ ടീം തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. 

ഇസ്ലാമാബാദ്: തുടര്‍ച്ചയായി മോശം പ്രകടനം പുറത്തെടുക്കുന്ന പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പാക് താരങ്ങൾ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുൻ പാകിസ്ഥാൻ താരങ്ങൾ നിലവിലെ ടീമിനെ വിമര്‍ശിച്ചത്. ബാസിദ് ഖാൻ, റാഷിദ് ലത്തീഫ് എന്നിവര്‍ പാകിസ്ഥാൻ ക്രിക്കറ്റിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെയാണ് മുൻ താരങ്ങൾ പാക് ടീമിനെതിരെ പരസ്യമായി രംഗത്തെത്തിയത്. 

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നിലവാരം വെച്ച് നോക്കുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബഹുദൂരം പിന്നിലാണെന്ന് മുൻ പാക് താരം ബാസിദ് ഖാൻ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകൾ വിജയിച്ചിട്ടുണ്ടെന്ന് വെച്ച് ഒരിക്കലും പാക് ടീം മികച്ചതാണെന്ന് പറയാൻ കഴിയില്ലെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ ക്രിക്കറ്റിന് നേരെ നിൽക്കാൻ കാലുകൾ പോലുമില്ലെന്നായിരുന്നു മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പറായ റാഷിദ് ലത്തീഫിന്‍റെ വിമര്‍ശനം.

സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്ഥാന് കാഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. 4-1ന് പാക് ടീം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ സമ്മര്‍ദ്ദത്തിലായ പാകിസ്ഥാൻ ടീം കീവിസിനെതിരായ ഏകദിന പരമ്പരയും കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ടിലും വിജയിച്ചത് ന്യൂസിലൻഡായിരുന്നു. തുടര്‍ച്ചയായി തിരിച്ചടികൾ നേരിടുന്ന പാക് ടീമിന് ശനിയാഴ്ച ബേ ഓവലിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ആശ്വാസ ജയം നേടാനാകുമോ എന്നാണ് അറിയേണ്ടത്. 

READ MORE: 'ഇനി ഇവിടെ ഞാൻ മതി'; രാജസ്ഥാനെ കരകയറ്റാൻ നായകനായി സഞ്ജു തിരിച്ചുവരുന്നു, ബിസിസിഐയുടെ ക്ലിയറൻസ് ലഭിച്ചു