രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിക്കേണ്ടിരുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് പരമ്പര നഷ്ടമായി. പിന്നെ റിഷഭ് പന്തിനെ (Rishabh Pant) ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
ദില്ലി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. താരങ്ങള്‍ മിക്കവരും ഐപിഎല്‍ തിരിക്കിലായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരെ പരിഗണിച്ചിരുന്നില്ല.
രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിക്കേണ്ടിരുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് പരമ്പര നഷ്ടമായി. പിന്നെ റിഷഭ് പന്തിനെ (Rishabh Pant) ക്യാപ്റ്റനായി പ്രഖ്യാപിച്ചു. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 211 റണ്‍സ് നേടിയിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പന്തിനായില്ല.
താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ടീം തോല്‍ക്കുമ്പോഴെല്ലാം നിങ്ങള്‍ ക്യാപ്റ്റനെ വിമര്‍ശിക്കുന്നു. ഞാന്‍ വളരെ താല്‍പര്യത്തോടെ നോക്കി കാണുന്ന താരമാണ് പന്ത്. അദ്ദേഹത്തിന്റെ ക്യാപ്റ്റസിയും എനിക്ക് വ്യത്യസ്തമായിട്ടാണ് തോന്നിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചുനിന്നു. കൃത്യമായ സമയത്ത് ഏറ്റവും മികച്ച ആളുകളെ തന്നെ ഉപയോഗിച്ചു.'' സ്മിത്ത് പറഞ്ഞു.
''ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലായപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനേയും ഭുവനേശ്വര്‍ കുമാറിനേയും പന്തെറിയാന്‍ കൊണ്ടുവന്നു. മൊത്തത്തില്‍ അദ്ദേഹം ശരിയായ തീരുമാനങ്ങളെടുത്തു. ചില സമയങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ ഫലം കണ്ടെന്ന് വരില്ല. കാരണം ബൗളര്‍മാരും അതിന് ശ്രമിക്കണം. എന്നാല്‍ പന്തിന് നന്നായി ടീമിനെ നയിക്കാന്‍ കഴിഞ്ഞു. അടുത്ത മത്സരത്തില്‍ താരത്തിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനും നയിക്കാനും സാധിക്കും.'' സ്മിത്ത് പറഞ്ഞുനിര്‍ത്തി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.
45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3.
