കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്നമുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ പ്രതികരിച്ച് അന്നത്തെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. ''ലോകകപ്പ് ഫൈനലില്‍ ഒത്തു കളി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അദ്ദേഹം ഇത് ഐസിസിക്കും ആന്റി കറപ്ക്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും ഹാജരാക്കണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. എങ്കില്‍ ഈ വാദങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സാധിക്കും.'' സംഗ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ലങ്കയുടെ മറ്റൊരു ഇതിഹാസ ബാറ്റ്സ്മാനും മുന്‍ നായകനുമായ മഹേല ജയവര്‍ധനെയും മന്ത്രിയുടെ ആരപോപണത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉടനെയെങ്ങാനും വരാനിരിക്കുന്നുണ്ടയോ? ഇതിനു മുന്നോടിയായുള്ള സര്‍ക്കസ് ഇപ്പോള്‍ തന്നെ തുടങ്ങിയെന്നു തോന്നുന്നു. പേരുകളും തെല്‍വുകളും എവിടെയെന്നും ട്വിറ്ററിലൂടെ ജയവര്‍ധനെ ചോദിച്ചിരുന്നു. 2011ലെ ലോകകപ്പ് ഫൈനലില്‍ അപരാജിത സെഞ്ചുറി നേടിയെങ്കിലും ലങ്കയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല.

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു എന്നായിരുന്നു മഹിന്ദാനന്ദ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ''ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.