2012ൽ ഉൻമുക്ത് ചന്ദിന്റെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ആ ടീമിൽ അം​ഗമായിരുന്നു സ്മിത്. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഉൻമുക്ത് ചന്ദ് സെഞ്ചുറി നേടിയപ്പോൾ സ്മിത് പട്ടേൽ 62 റൺസുമായി ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകി.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാത്തതിനെത്തുടർന്ന് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ മുൻ താരം അമേരിക്കയിലേക്ക് കുടിയറുന്നു. 2012ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 28കാരനായ സ്മിത് പട്ടേലാണ് അമേരിക്കയിലേക്ക് കുടിയേറാനൊരുങ്ങുന്നത്. ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ തേടിയാണ് സ്മിത് പട്ടേൽ അമേരിക്കയിലേക്ക് കുടിയേറുന്നത്.

ഇത് തന്റെ കരിയറിലെ പുതിയൊരു ഇന്നിം​ഗ്സാണെന്നും ഇന്ത്യൻ സീനിയർ ടീമിൽ അവസരം ലഭിക്കാത്തതിൽ മനം മടുത്താണ് അമേരിക്കയിലേക്ക് ചേക്കേറുന്നതെന്നും സ്മിത് പട്ടേൽ ക്രിക്ക് ഇൻഫോയോട് പറഞ്ഞു. ധോണിയുടെ സമകാലീനനായതാണ് കരിയറിൽ സ്മിത് പട്ടേലിന് തിരിച്ചടിയായത്.

അമേരിക്കയിലേക്ക് കുടിയേറാനുള്ള കടലാസുജോലികൾ പൂർത്തിയായെന്നും ഔദ്യോ​ഗികമായി വിരമിക്കൽ തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്നും ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ കരിയർ അവസാനിച്ചുവെന്നും സ്മിത് പട്ടേൽ പറഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചുവരികയാണെങ്കിൽ തന്നെ അത് പരിശീലനത്തിന് മാത്രമായിട്ടായിരിക്കുമെന്നും അതും ഒരു മാസത്തിൽ കൂടില്ലെന്നും പട്ടേൽ പറഞ്ഞു.

ഇന്ത്യൻ ടീമിൽ അവസരം തേടി ആഭ്യന്തര ക്രിക്കറ്റിൽ നാല് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിച്ചെങ്കിലും അവസരം ലഭിക്കാതിരുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും പട്ടേൽ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ ​ഗുജറാത്ത്, ത്രിപുര, ബറോഡ, ​ഗോവ ടീമുകൾക്കായാണ് പട്ടേൽ കളിച്ചത്. അടുത്തിടെ കരീബിയൻ പ്രീമിയർ ലീ​ഗിൽ ബാർബഡോസ് ട്രൈഡന്റ്സിലേക്കും പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടേലിന്റെ കുടുംബാം​ഗങ്ങളും അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.