വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടാന്‍ സാധ്യതയുള്ള ടീമാണെന്ന് മുന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ടീമിന് അനുകൂലമാണെങ്കിലും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ഘട്ടം കടുപ്പമേറിയതായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദില്ലി: വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ഇന്ത്യയാണെന്ന് മുന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ സുപരിചിതമാണെന്നും അത് ടീമിന് അനുകൂലമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 14ന് ബര്‍മിംഗ്ഹാമില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും ഇംഗ്ലണ്ടില്‍ കളിച്ച് മികച്ച പരിചയസമ്പത്തുണ്ട്. ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവര്‍ വിശദാമാക്കുന്നതിങ്ങനെ... ''ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നമുക്ക് അപരിചിതമല്ല. നിലവിലെ ടീമിലെ പ്രധാന താരങ്ങളെല്ലാം അവിടെ ഒന്നിലധികം തവണ കളിച്ചവരാണ്. എന്നാല്‍, പാകിസ്ഥാന്‍ നിലവില്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. നെതര്‍ലന്‍ഡ്സ് എങ്ങനെയായിരിക്കും വരിക എന്ന് നമുക്ക് അറിയില്ല. കൂടാതെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതേ ഗ്രൂപ്പിലുണ്ട്. കേവലം രണ്ട് ടീമുകള്‍ക്ക് മാത്രമേ സെമിഫൈനലിലേക്ക് കടക്കാന്‍ കഴിയൂ എന്നതിനാല്‍ ഓരോ മത്സരവും നിര്‍ണ്ണായകമാണ്.'' ചോപ്ര വ്യക്തമാക്കി.

ഇന്ത്യ ഫേവറിറ്റുകളാണെങ്കിലും ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമാകില്ലെന്ന് ചോപ്ര മുന്നറിയിപ്പ് നല്‍കി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, കരുത്തരായ ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പിന് സഹായിച്ചിട്ടുണ്ട്. പിച്ചുകളുടെ സ്വഭാവം മനസ്സിലാക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഈ പരമ്പര ഇന്ത്യയെ സഹായിച്ചു.

പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്ടിയയുടെ പ്രകടനം ഇന്ത്യയ്ക്ക് വലിയ കരുത്താണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ 40 പന്തില്‍ 54 റണ്‍സ് നേടിയ യസ്തിക, ബാറ്റിംഗ് നിരയിലെ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരായേക്കും. ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം യസ്തികയെ എവിടെ ഇറക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ പ്ലാന്‍ വേണമെന്നും ചോപ്ര പറഞ്ഞു.

YouTube video player