സിംബാബ്വെക്കെതിരായ ആദ്യ ടി20യിലെ ഏഴ് വിക്കറ്റ് വിജയത്തിന് ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു. മായങ്ക് യാദവിൻ്റെ മികച്ച ബൗളിംഗും, 19 പന്തിൽ 50 റൺസെടുത്ത വൈഭവ് സൂര്യവംശിയുടെ ഭയരഹിതമായ ബാറ്റിംഗുമാണ് വിജയത്തിൽ നിർണായകമായതെന്ന് അദ്ദേഹം പറഞ്ഞു.
ഹരാരെ: സിംബാബ്വെക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 19 പന്തില്‍ 50 റണ്‍സെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (24 പന്തില്‍ 35) മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിന് ശേഷം ശ്രേയസ് പറഞ്ഞതിങ്ങനെ... ''ടീമിന്റെ എക്‌സിക്യൂഷന്‍ മികച്ചതായിരുന്നു, എനിക്ക് ലഭിച്ച ആദ്യ ജയത്തില്‍ അതിയായ സന്തോഷമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, പിച്ചില്‍ നല്ല ബൗണ്‍സ് പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഹാര്‍ഡ് ലെങ്തില്‍ നിന്ന് നല്ല രീതിയിലുള്ള ബൗണ്‍സ് ലഭിച്ചു. തുടക്കത്തില്‍ പിച്ചില്‍ വേരിയേഷന്‍ ഉണ്ടായിരുന്നു, രണ്ട് ഇന്നിംഗ്‌സുകളിലും ഇത് അനുഭവപ്പെട്ടു. എന്നാല്‍ മായങ്കിന്റെ ഭാഗത്തുനിന്നും മികച്ചൊരു തുടക്കമാണ് ലഭിച്ചത്. എറിഞ്ഞ ലൈനും ലെങ്തും കൃത്യമായി പാലിച്ച് ബാറ്റ്സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ ഇടം നല്‍കാതെ പന്തെറിയാന്‍ അവന് സാധിച്ചു. ടീമിനെ സംബന്ധിച്ച് അതൊരു നിര്‍ണായക ഘട്ടമാണ്. പവര്‍പ്ലേയില്‍ വൈഭവ് വന്ന് മികച്ചൊരു തുടക്കം സമ്മാനിക്കുകയും ചെയ്തു.'' ശ്രേയസ് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''എല്ലാ ടീമിലും കളി അവസാനം വരെ കൊണ്ടുപോയി മാന്യമായ ഒരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ശേഷിയുള്ള ഒരു ബാറ്റ്സ്മാന്‍ ഉണ്ടാകും. പിച്ചിലെ സാഹചര്യം അവര്‍ നന്നായി വിലയിരുത്തുകയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ബൗളര്‍മാരെ മാറ്റി മാറി പരീക്ഷിക്കാന്‍ ആഗ്രഹിച്ചു. കാരണം ഇവിടെ ഞങ്ങള്‍ക്ക് രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാനുണ്ട്, അതിനാല്‍ അവര്‍ക്ക് മികച്ച താളം ലഭിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും പന്തെറിയാനും ബാറ്റ് ചെയ്യാനും അവസരങ്ങള്‍ ലഭിക്കുന്നത് അവര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കും.'' ശ്രേയസ് വ്യക്തമാക്കി.
വൈഭവിന്റെ റെക്കോഡ് പ്രകടനത്തെ കുറിച്ചും ശ്രേയസ് സംസാരിച്ചു... ''വൈഭവിന്റേത് അസാധാരണമായ ബാറ്റിംഗായിരുന്നു. അവന്‍ ഭയരഹിതനായ താരമാണ്. ഈ ഇന്നീങ്‌സിനെ അവന്‍ സമീപിച്ച രീതി മികച്ചതായിരുന്നു. ഇതിന് മുമ്പും ഇവിടെ കളിച്ചിട്ടുള്ളതുകൊണ്ട് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അണ്ടര്‍-19 ഫൈനലില്‍ അവന്‍ 175 റണ്‍സ് നേടിയിട്ടുണ്ട്, അതിനാല്‍ മൈതാനത്തിറങ്ങുമ്പോള്‍ അവന് വലിയ ആത്മവിശ്വാസമുണ്ട്. ഇന്നത്തെ അവന്റെ പ്രകടനം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.'' ശ്രേയസ് പറഞ്ഞുനിര്‍ത്തി.

