Asianet News MalayalamAsianet News Malayalam

സൂര്യയുടെ സെഞ്ചുറിക്ക് പിന്നാലെ ഹൂഡയ്ക്ക് നാല് വിക്കറ്റ്; കിവീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഗംഭീരജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ അര്‍ഷ്ദീപിന് ക്യാച്ച്. സഹഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (25) വില്യംസണിനൊപ്പം 55 ചേര്‍ത്ത ശേഷമാണ് മടങ്ങിയത്.

four wicket to hooda India won over New Zealand in second T20
Author
First Published Nov 20, 2022, 4:11 PM IST

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം. മൗണ്ട് മോംഗനൂയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ (51 പന്തില്‍ പുറത്താവാതെ 111) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി.  ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ അര്‍ഷ്ദീപിന് ക്യാച്ച്. സഹഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (25) വില്യംസണിനൊപ്പം 55 ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയവരില്‍ ആര്‍ക്കും പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ് (12), ഡാരില്‍ മിച്ചല്‍ (10), ജയിംസ് നീഷം (3), മിച്ചല്‍ സാന്റ്‌നര്‍ (2), ഇഷ് സോധി (1), ടിം സൗത്തി (0), ആഡം മില്‍നെ (6) എന്നിവാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (1) പുറത്താവാതെ നിന്നു.    

'അവനെപ്പോലെ മറ്റൊരാളില്ല'; സൂര്യയെ വാഴ്ത്തി സച്ചിനും കോലിയും സെവാഗും ഗംഭീറും

മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാര്‍ ക്രീസിലേക്ക്. 

ഇതിനിടെ ഇഷാന്‍ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാല്‍ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. 

ഹാര്‍ദിക് പാണ്ഡ്യ (13) പിന്തുണ നല്‍കി. അവസാന ഓവറില്‍ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക് പൂര്‍ത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.     

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios