അക്വിബ് നബി നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തി. വിരാട് സിംഗ് ഈസ്റ്റ് സോണിനായി 69 റൺസ് നേടി.

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെതിരായ മത്സരത്തില്‍ നോര്‍ത്ത് സോണിന് ഒന്നാം ഇന്നിംഗ്‌സില്‍ 175 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. നോര്‍ത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 405നെതിരെ ഈസ്റ്റ് സോണ്‍ 230ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആക്വിബ് നബി ദറാണ് ഈസ്റ്റ് സോണിനെ തകര്‍ത്തത്. 69 റണ്‍സ് നേടിയ വിരാട് സിംഗ് മാത്രമാണ് നോര്‍ത്ത് സോണ്‍ നിരയില്‍ പിടിച്ചുനിന്നത്. ഉത്കര്‍ഷ് സിംഗ് (38), റിയാന്‍ പരാഗ് (39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, നോര്‍ത്ത് സോണിന്റെ ഇന്നിംഗ്‌സ് 405ന് അവസാനിക്കുകയായിരുന്നു. മനീഷി ആറ് വിക്കറ്റ് വീഴ്ത്തി.

പിന്നാലെ മറുപടി ബാറ്റിംഗിനെത്തിയ ഈസ്റ്റ് സോണിന് മോശം തുടക്കമായിരുന്നു. 66 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ശരണ്‍ദീപ് സിംഗ് (6), ശ്രിദം പോള്‍ (7), ഉത്കര്‍ഷ് സിംഗ് (38) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷിത് റാണയ്ക്കായിരുന്നു. ശരണ്‍ദീപിനെ, അര്‍ഷ്ദീപ് സിംഗ് ബൗള്‍ഡാക്കി. തുടര്‍ന്ന് പരാഗ് - വിരാട് സിംഗ് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിനെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും പരാഗ് പുറത്തായി.

പിന്നാലെ ടീം തകര്‍ച്ച നേരിട്ടു. കുമാര്‍ കുശാഗ്ര (29), സുരജ് സിന്ധു ജയ്‌സ്വാള്‍ (10), മനീഷി (0), മുഖ്താര്‍ ഹുസൈന്‍ (0), മുഹമ്മദ് ഷമി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അക്വിബ് തുടര്‍ച്ചയായി നാല് പന്തുകളില്‍ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍ (6) പുറത്താവാതെ നിന്നു. 102 പന്തുകള്‍ നേരിട്ട വിരാട് സിംഗ് രണ്ട് സിക്‌സും ഏഴ് ഫോറും നേടി.

നേരത്തെ, ആറിന് 308 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച നോര്‍ത്ത് സോണ്‍ ഇന്ന് 97 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. മായങ്ക് ദാഗര്‍ (28), അക്വിബ് നബി (44), കനയ്യ വധാവന്‍ (76), ഹര്‍ഷിത് റാണ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നോര്‍ത്ത് സോണിന് നഷ്ടമായത്.

സെന്‍ട്രല്‍ സോണ്‍ കൂറ്റന്‍ ലീഡിലേക്ക്

ബെംഗളൂരു: നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ സെന്‍ട്രല്‍ സോണ്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ സെന്‍ട്രല്‍ സോണ്‍ നാലിന് 532 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഡാനിഷ് മലേവാര്‍ (203) ഇരട്ട സെഞ്ചുറി നേടി. രജത് പടിധാര്‍ (125) സെഞ്ചുറി നേടിയിരുന്നു. യഷ് റാത്തോഡ് 87 റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ നോര്‍ത്ത് സോണ്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 168 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ആദിത്യ താക്കറെ, രണ്ട് പേരെ പുറത്താക്കിയ ഹര്‍ഷ് ദുബെ എന്നിവരാണ് സെന്‍ട്രല്‍ സോണിനെ തകര്‍ത്തത്.

YouTube video player