Asianet News MalayalamAsianet News Malayalam

Asia Cup 2022 : 'ദ് ഫ്ലോപ്പ് ഫിനിഷര്‍', എന്നിട്ടും ഡികെ ടീമില്‍, സഞ്ജു പുറത്തും; കണക്കുകള്‍ മൂടിവെക്കാനാവില്ല

ഐപിഎല്ലിലെ ഡികെയെ അല്ല പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ ആരാധകര്‍ കണ്ടത്, കണക്കുകളില്‍ ദ് ഫിനിഷര്‍ പരാജിതന്‍ 

Why Sanju Samson excluded from Asia Cup 2022 squad as he better than Dinesh Karthik in T20I stats 2022
Author
Mumbai, First Published Aug 9, 2022, 12:15 PM IST

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള(Asia Cup 2022) ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ(Sanju Samson) തഴഞ്ഞതിലുള്ള പ്രതിഷേധം അതിശക്തമാവുകയാണ്. ടി20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് പലരും ആവശ്യപ്പെട്ട റിഷഭ് പന്താണ് സ്‌ക്വാഡില്‍ ഇടംപിടിച്ച ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഫിനിഷറായി പേരെടുത്തെങ്കിലും അതിന് ശേഷം വല്ലപ്പോഴും മാത്രം ബാറ്റിന് തീപിടിപ്പിച്ച ഡികെയും(Dinesh Karthik) സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ചപ്പോഴാണ് ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയുമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ സഞ്ജു പുറത്തായത്.  

2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ചെങ്കിലും ദിനേശ് കാര്‍ത്തിന്‍റെ രണ്ടാം ഇന്നിംഗ്‌സാണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഫിനിഷറെന്ന് പേരെടുത്തതോടെ ആ റോളില്‍ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും ചേക്കേറുകയായിരുന്നു ദിനേശ് കാര്‍ത്തിക്. എന്നാല്‍ അവസാന 10 രാജ്യാന്തര ടി20കളില്‍ ഒറ്റത്തവണ മാത്രമാണ് ഡികെയുടെ ബാറ്റ് ഐപിഎല്‍ മോഡല്‍ വെടിക്കെട്ട് കാഴ്‌ചവെച്ചത് എന്നത് ഏഷ്യാ കപ്പ് ടീം തെരഞ്ഞെടുപ്പില്‍ സെലക്‌ടര്‍മാര്‍ ഗൗനിച്ചില്ല. അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20 വരെ ദിനേശ് കാര്‍ത്തിക്കിന്‍റെ സ്‌കോര്‍ 5(4 പന്തില്‍), 0(1), 11(7), 12(17), 6(7), 41(19), 7(13), 0(0), 6(9), 12(9) എന്നിങ്ങനെയാണ്. എന്നിട്ടും സഞ്ജുവിനെ പരിഗണിക്കാതെ ദിനേശ് കാര്‍ത്തിക്കിന് ഇന്ത്യ അവസരം നല്‍കി.

സഞ്ജു ടോപ് ഓര്‍ഡര്‍/മധ്യനിര ബാറ്ററാണ് എന്നതിനാലാണ് അവസരം നല്‍കാതിരുന്നതെന്ന് വാദിച്ചാലും ഡികെയ്‌ക്ക് അവസരം നല്‍കിയതിനെ കണക്കുകള്‍ കൊണ്ട് ന്യായീകരിക്കാന്‍ സെലക്‌ടര്‍മാര്‍ക്ക് കഴിഞ്ഞേക്കില്ല. വമ്പന്‍ ഫിനിഷറെന്ന് വാഴ്‌ത്തുമ്പോഴും ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ ദിനേശ് കാര്‍ത്തിക്കിന് 133.33 സ്‌ട്രൈക്ക് റേറ്റും 21.33 ശരാശരിയുമേയുള്ളൂ. ഫിനിഷറുടെ റോളില്‍ ടീം ഇന്ത്യക്കായി ഡികെയ്‌ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്ന് ചുരുക്കം. ടി20യില്‍ 2022ല്‍ റിഷഭ് പന്തിന്‍റെ അവസ്ഥയും വ്യത്യസ്‌തമല്ല. അതേസമയം സഞ്ജുവിന് 158.40 സ്‌ട്രൈക്ക് റേറ്റും 44.75 ബാറ്റിംഗ് ശരാശരിയുമുണ്ട് ഈ വര്‍ഷം രാജ്യാന്തര ടി20യില്‍. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള സ്‌ക്വാഡിനെ ഇന്നലെയാണ് ഇന്ത്യന്‍ സീനിയര്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സഞ്ജു സാംസണും ഇഷാൻ കിഷനും ഇടംപിടിക്കാതിരുന്നപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ഇന്ത്യ അവസരം നല്‍കുകയായിരുന്നു. വിശ്രമത്തിന് ശേഷം വിരാട് കോലിയും പരിക്ക് മാറി കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും ഹർഷൽ പട്ടേലിനേയും ഏഷ്യാ കപ്പിന് പരിഗണിച്ചില്ല. രോഹിത് ശർമ്മ തന്നെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുക. രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും സ്‌ക്വാഡിലെത്തി. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയപ്പോഴും സഞ്ജുവിനെ പരിഗണിക്കാതിരുന്നത് വലിയ ആരാധകരോക്ഷത്തിന് വഴിവെച്ചിട്ടുണ്ട്. 

റിഷഭ്, ഡികെ, ഇഷാന്‍ എന്നിവരേക്കാള്‍ കേമന്‍ സഞ്ജു, എന്നിട്ടും പുറത്ത്; കണക്കുകള്‍നിരത്തി പ്രതിഷേധിച്ച് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios