ആതിഥേയ രാജ്യമായിട്ടുകൂടി ടൂര്‍ണമെന്റിന്റെ ഫൈനലിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് സാധിക്കില്ല
കറാച്ചി: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയതോടെ അനാഥമായിരിക്കുകയാണ് പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയം. ആതിഥേയ രാജ്യമായിട്ടുകൂടി ടൂര്‍ണമെന്റിന്റെ ഫൈനലിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് സാധിക്കില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ഹൈബ്രിഡ് മോഡലിന് കൈകൊടുത്തതാണ് ഇതിന് പിന്നിലെ കാരണം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടത്താനായിരുന്നു ധാരണയായത്. ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതോടെ കലാശപ്പോര് പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് എത്തുകയും ചെയ്തു.
സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 264 റണ്‍സ് പിന്തുടര്‍ന്ന നാല് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. വിരാട് കോഹ്ലിയുടെ അര്‍ദ്ധ സെഞ്ചുറിയും (84) ശ്രേയസ് അയ്യര്‍ (45) കെ എല്‍ രാഹുല്‍ (42), ഹാര്‍ദിക്ക് പാണ്ഡ്യ (28) എന്നിവരുടെ പ്രകടനങ്ങളുമാണ് വിജയത്തില്‍ നിര്‍ണായകമായത്.
വിജയത്തോടെ മൂന്ന് തവണ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തുന്ന ആദ്യ ടീമാകാനും ഇന്ത്യക്ക് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയെ ആധികാരികമായി പരാജയപ്പെടുത്തിയ ന്യൂസിലൻഡാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. മാര്‍ട്ട് ഒൻപതിന് ദുബായില്‍ വെച്ചാണ് മത്സരം.
പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം യാത്ര ചെയ്യില്ലെന്ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുൻപ് തന്നെ ധാരണയായിരുന്നു. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യ ദുബായില്‍ തന്നെയാണ് കളിച്ചത്. ആതിഥേയ രാജ്യമായ പാകിസ്ഥാനുമായുള്ള മത്സരം പോലും ദുബായിലായിരുന്നു.
ഫൈനലിന്റെ ആതിഥേയത്വവും നഷ്ടമായതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ് പാകിസ്ഥാനെതിരെ. ഗദ്ദാഫി സ്റ്റേഡിയവും ചാമ്പ്യൻസ്ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുന്നു എന്നാണ് ട്വിറ്ററിലെ പല പോസ്റ്റുകളുടേയും ക്യാപ്ഷൻ.
ആതിഥേയ രാജ്യമായ പാകിസ്ഥാൻ ദുബായില്‍ പോയി കളിച്ച് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെന്നും മഴ മൂലം പല മത്സരങ്ങളും നടക്കാതെപോയതുമെല്ലാം ഹാസ്യരൂപേണ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷമായിട്ടുണ്ട്.
