റണ്‍വേട്ടക്കാരില്‍ ശിഖര്‍ ധവാന് (380) പിന്നില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍. കഴിഞ്ഞ മൂന്ന് സീസണിലും 50 കൂടുതല്‍ ശരാശരിയില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് സാധിക്കുന്നുണ്ട്.
ദില്ലി: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. 14-ാം സീസണില്‍ ഇതുവരെ 331 റണ്‍സ് രാഹുല്‍ നേടി. 66 റണ്‍സാണ് താരത്തിന്റെ ശരാശരി. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരില്‍ ശിഖര്‍ ധവാന് (380) പിന്നില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍. കഴിഞ്ഞ മൂന്ന് സീസണിലും 50 കൂടുതല്‍ ശരാശരിയില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് സാധിക്കുന്നുണ്ട്.
ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാമ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 2016ല്‍ വിരാട് കോലി ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനം പോലെ രാഹുലിന്റേതായ പ്രകടനം വരാനുണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്. ഗംഭീറിന്റെ വാക്കുകള്‍... ''കെ എല്‍ രാഹുലിന്റെ മികച്ച പ്രകടനം നമുക്കിപ്പോഴും കാണാനായിട്ടില്ല. ശരിയാണ് അദ്ദേഹം റണ്‍സ് കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഇതിലും മികച്ച പ്രകടനം വരാനുണ്ട്. 2016ലെ വിരാട് കോലിയുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. അതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിവുള്ള താരമാണ് രാഹുല്‍. 2-3 സെഞ്ചുറികള്‍ അദ്ദേഹത്തിന് നേടാന്‍ സാധിക്കും. അതും മികച്ച സ്‌ട്രൈക്കറ്റ് റേറ്റില്‍. അങ്ങനെ സംഭവിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
കഴിഞ്ഞ സീസണുകളില്‍ പഞ്ചാബിന് വേണ്ടി കളിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. ഇത്തവണ വിന്‍ഡീസ് താരം നിക്കോളാസ് പുരാനിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിനും കാര്യമായൊന്നും നേടാന്‍ സാധിച്ചില്ല. അന്താരാഷ്ട്ര താരങ്ങളില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ച് അവര്‍ നിരാശപ്പെടുത്തുമ്പോള്‍ തീര്‍ച്ചായും ക്യാപ്റ്റനില്‍ സമ്മര്‍ദ്ദം വരും. ക്യാപ്റ്റന്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായി വരും.'' ഗംഭീര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു രാഹുല്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ രാഹുല്‍ 315 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പരിക്കേറ്റപ്പോഴാണ് രാഹുലിന് ഓപ്പണിംഗ് റോളില്‍ അവസരം തെളിഞ്ഞത്.
