ദില്ലി: ഇന്ത്യന്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നത്തേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുന്നു. അന്ന് പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഓരോവറില്‍ ആറ് സിക്‌സ് നേടിയതും ഈ ലോകകപ്പിലാണ്. 2011ല്‍ ഇന്ത്യന്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തുമ്പോഴും യുവരാജിന്റെ സംഭാവന വലുതായിരുന്നു. 

അടുത്തിടെയാണ് യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. യുവരാജ് ഉപയോഗിച്ചിരുന്ന 12ാം നമ്പര്‍ ജേഴ്‌സി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍. ഗംഭീര്‍ പറയുന്നതിങ്ങനെ... ''യുവരാജ് ഇന്ത്യയെ ഒട്ടേറെ നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള താരമാണ്. ടി20- ഏകദിന ലോകകപ്പിലെ പ്രകടനം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജേഴ്‌സി ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കണം. ഈ നടപടി യുവരാജിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരവാണ്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ആദ്യ കിരീടമായിരുന്നത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 148 റണ്‍സാണ് യുവരാജ് നേടിയത്.